ad
Deshabhimani

ക്യാമ്പസിൽ വെള്ളപ്പൊക്കം; ചങ്ങാടമുണ്ടാക്കി ഐഐടി റൂർക്കിയിലെ ഭാവി എൻജിനീയർമാർ

FLOOD IN CAMPUS

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 11, 2026, 05:55 PM | 1 min read

റൂർക്കി: ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത മൺസൂൺ മഴയെത്തുടർന്ന് പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി റൂർക്കി ക്യാമ്പസിൽ വെള്ളപ്പൊക്കം. എന്നാൽ ക്യാമ്പസിലെ വെള്ളക്കെട്ടിനെ തങ്ങളുടെ 'എൻജിനീയറിങ് ബുദ്ധി' കൊണ്ട് നേരിട്ടിരിക്കുകയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ.


ക്യാമ്പസിലെ വെള്ളപ്പൊക്കത്തിൽ വിദ്യാർത്ഥികൾ തനിയെ തടിയും ഷീറ്റും ഉപയോഗിച്ച് താൽക്കാലിക ചങ്ങാടം നിർമ്മിച്ച് യാത്ര ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.


തുടർച്ചയായ മഴയിൽ ഹോസ്റ്റലുകൾക്കും പ്രധാന ക്യാമ്പസിനും ഇടയിലുള്ള റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായതോടെയാണ് വിദ്യാർത്ഥികൾ ഈ വഴി കണ്ടെത്തിയത്.


വിദ്യാർത്ഥികളും ജീവനക്കാരും കുടയും ചൂടി ഈ വലിയ താൽക്കാലിക ചങ്ങാടത്തിൽ നിൽക്കുന്നതും രണ്ട് പേർ നീളമുള്ള കമ്പുകൾ ഉപയോഗിച്ച് ഇത് നിയന്ത്രിച്ച് വെള്ളത്തിലൂടെ നീക്കുന്നതും വീഡിയോയിൽ കാണാം.


വെള്ളപ്പൊക്കത്തിലും ഹോസ്റ്റൽ മെസ്സിലെ ജീവനക്കാർക്ക് അടുക്കളയിലെത്താനും വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങാതെ തയാറാക്കാനും ഈ താൽക്കാലിക സംവിധാനം വലിയ സഹായമായി.


ഐഐടി വിദ്യാർത്ഥികളുടെ ഈ ക്രിയാത്മകമായ ഐഡിയയെയും പ്രതിസന്ധി ഘട്ടങ്ങളെ നേരിടാനുള്ള കഴിവിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.


അതേസമയം, ഇന്ത്യയിലെ ഏറ്റവും മികച്ച എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്ന് കണ്ടാൽ ഇപ്പോൾ ഒരു ബോട്ടിങ് ടൂറിസ്റ്റ് കേന്ദ്രം പോലെ തോന്നിപ്പിക്കുന്നുണ്ടെന്ന രീതിയിലുള്ള തമാശരൂപേണയുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.


ഉത്തരേന്ത്യയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴ പല സംസ്ഥാനങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home