3600 കുടുംബം മീറ്റർ കെണിയിൽ
പുരപ്പുറത്ത് പ്ലാന്റുണ്ട്, പവറില്ല

Solar
ഗോകുൽ ഗോപി
Published on Sep 03, 2026, 01:12 AM | 1 min read
ആലപ്പുഴ
പുരപ്പുറത്ത് സൗരോർജ പ്ലാന്റ് സ്ഥാപിച്ചിട്ടും നെറ്റ് മീറ്റർ ലഭിക്കാതെ ജില്ലയിൽ 3600 കുടുംബം പ്രതിസന്ധിയിൽ. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സൗരോർജ യൂണിറ്റുകൾ പ്രവർത്തിപ്പിക്കാനാകാതെ ഉപയോക്താക്കൾ ദുരിതത്തിലായി. ബാങ്ക് വായ്പയുടെ പലിശയും വൈദ്യുതി ബില്ലും ഒരുമിച്ച് അടയ്ക്കേണ്ട സ്ഥിതിയാണ്. മൂന്നു മാസമായി തുടരുന്ന നെറ്റ് മീറ്റർ ക്ഷാമത്തിന് എപ്പോൾ പരിഹാരമുണ്ടാകുമെന്ന ചോദ്യത്തിന് കെഎസ്ഇബിക്ക് വ്യക്തമായ മറുപടിയില്ല. സൗരോർജ പ്ലാന്റിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയും കെഎസ്ഇബിയിലേക്ക് നൽകുന്ന വൈദ്യുതിയും അളക്കുന്നതിനാണ് നെറ്റ് മീറ്റർ ഉപയോഗിക്കുന്നത്. നിലവിൽ നെറ്റ് മീറ്റർ സ്വന്തമായി വാങ്ങണമെന്നാണ് കെഎസ്ഇബി ഉപയോക്താക്കളോട് നിർദേശിക്കുന്നത്. 4000 മുതൽ 10,000 രൂപവരെയാണ് ഇവയുടെ വില. പുതിയ സ്മാർട് മീറ്റർ സംവിധാനം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ വാങ്ങുന്ന മീറ്റർ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കൾ. അവ്യക്തത മൂലം സ്വകാര്യ മീറ്റർ വാങ്ങാതെ കെഎസ്ഇബിയുടെ മീറ്ററിനായി കാത്തിരിക്കുന്നവരാണ് ഏറെയും. കെഎസ്ഇബി മാസവാടകയ്ക്കാണ് മീറ്റർ നൽകുന്നത്. സിംഗിൾ ഫേസിന് മാസം 30 രൂപയും മൂന്നുഫേസിന് 35 മാണ് വാടക. ജില്ലയിൽ 80 ശതമാനവും സിംഗിൾ ഫേസ് മീറ്ററിന് അപേക്ഷിച്ചവരാണ്. നിലവില മീറ്റർ മാറ്റി നെറ്റ് മീറ്റർ സ്ഥാപിച്ച ശേഷമേ സൗരോർജ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിയൂ. പ്ലാന്റുകൾ പ്രവർത്തനക്ഷമമാക്കാത്തതിനാൽ ഓരോ ദിവസവും ഉപയോക്താക്കൾക്കും കെഎസ്ഇബിക്കും വലിയ ഊർജനഷ്ടമാണ് ഉണ്ടാകുന്നത്. പിഎം സൂര്യഘർ പദ്ധതി പ്രകാരം സബ്‌സിഡി 2027 മാർച്ച് 31ന് അവസാനിക്കുമെന്നതിനാൽ മൂന്നിരട്ടിയോളം പേരാണ് ഓരോ കെഎസ്ഇബി സെക്‌ഷനിലും സൗരോർജ യൂണിറ്റിനായി അപേക്ഷിച്ചത്. അപേക്ഷകരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് സർക്കാർ നെറ്റ് മീറ്ററുകൾ ലഭ്യമാക്കിയില്ലെന്നാണ് ആക്ഷേപം. എൽഡിഎഫ് സർക്കാർ ആവശ്യാനുസരണം മീറ്ററുകൾ കൃത്യസമയത്ത് ലഭ്യമാക്കിയിരുന്നുവെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.










0 comments