കാർ കത്തി മരണം
ഞെട്ടൽ മാറാതെ മഠത്തിൽമുക്ക്

കത്തി നശിച്ച കാർ
കോഴിക്കോട്
ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് ചേവായൂർ മഠത്തിൽമുക്ക് നിവാസികൾ ബുധൻ അതിരാവിലെ ഉറക്കമുണർന്നത്. കൺമുന്നിൽ കണ്ട തീഗോളവും മനുഷ്യശരീരവും വെന്തുകരിഞ്ഞ മണവുമേൽപ്പിച്ച ഞെട്ടലിൽനിന്ന് നാട് ഇനിയും മുക്തമായിട്ടില്ല. ചേവായൂർ സ്വദേശി കോട്ടേരിക്കുഴി സുധാകരൻ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. സംഭവത്തിലെ ദുരൂഹത ഇനിയും അകന്നിട്ടില്ല. ചേവായൂർ മഠത്തിൽ മുക്കിന് സമീപത്തെ കുത്തനെയുള്ള ഇറക്കത്തിലാണ് കാർ കത്തിയത്. നാട്ടുകാരനായ ദേവികൃപയിൽ ശ്രീകുമാറാണ് ശബ്ദംകേട്ട് ആദ്യം പുറത്തിറങ്ങിയത്. വലിയൊരു തീഗോളം കണ്ടപ്പോൾ ട്രാൻസ്‌ഫോർമർ കത്തി പൊട്ടിത്തെറിച്ചതെന്നായിരുന്നു കരുതിയത്. വീടിന് പുറത്തിറങ്ങിയതോടെയാണ് കാറാണെന്ന് മനസ്സിലായത്. ആരാണ് ഉള്ളിലെന്ന് മനസ്സിലാക്കാൻ പോലുമായില്ലെന്ന് ശ്രീകുമാർ പറയുന്നു. കാർ മതിലിൽ ഇടിച്ച് തീപിടിച്ചെന്നായിരുന്നു ആദ്യ നിഗമനം. അന്വേഷണത്തിൽ അപകടമല്ലെന്ന നിഗമനത്തിലേക്ക് പൊലീസും മോട്ടോർവാഹന വകുപ്പും എത്തി. സംഭവസ്ഥലത്ത് നിന്ന് പെട്രോളിന്റെ സാന്നിധ്യമുള്ള കന്നാസ് കണ്ടെടുത്തതോടെയാണ് കേസിന്റെ ഗതി മാറിയത്. സുധാകരനെ കൊലപ്പെടുത്തിയതാണെന്ന സംശയവും ബലപ്പെട്ടു. എന്നാൽ, സിസിടിവി അന്വേഷണത്തിൽ ഇതും അസ്ഥാനത്തായി. കാർ പതിയെ വരുന്നതും ഇടയ്ക്ക് നിൽക്കുന്നതും കത്തിപ്പിടിക്കുന്നതുമായ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ട് ദിവസമായി സുധാകരൻ മാനസിക വിഷമം അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിദേശത്തുള്ള മക്കൾ എത്തിയ ശേഷമാകും സംസ്കാരം. മൃതദേഹം പൂർണമായി കത്തിയ നിലയിലായതിനാൽ തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തും. സഹോദരന്റെ ഡിഎൻഎ സാംപിൾ വ്യാഴാഴ്ച ശേഖരിക്കും. പരിശോധനാ നടപടികൾ പൂർത്തിയായ ശേഷമായിരിക്കും സംസ്കാരമെന്ന് ബന്ധുക്കൾ പറഞ്ഞു. സിറ്റി പൊലീസ് മേധാവി എ പി ഷൗക്കത്തലി, ഡിസിപി പദംസിങ്, അസി. കമീഷണർ പി പ്രമോദ്, മെഡി. കോളേജ് സിഐ ബൈജു കെ ജോസ് തുടങ്ങിയവർ സ്ഥലത്തെത്തി.










0 comments