ബഷീർ, തകഴി, ഒ വി വിജയൻ, മാധവിക്കുട്ടി...
കഥ പറയും, വിശ്വഭാരതിയിലെ ചുവരുകളും

ചെങ്ങന്നൂർ
ആലാ പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയിൽ പുസ്തകങ്ങൾ മാത്രമല്ല മഹാകവി കുമാരനാശാനെയും ഒ വി വിജയനെയും എം ടിയെയുമെല്ലാം കാണാം. മാങ്കോസ്റ്റീൻ മരത്തണലിൽ ചാരുകസേരയിൽ വിശ്രമിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ, കുട്ടനാടൻ കർഷക വേഷത്തിലുള്ള തകഴി ശിവശങ്കരപ്പിള്ള എന്നീ ചിത്രങ്ങളും കൗതുകമുണർത്തുന്നു. ചുവരിൽ ആകർഷണീയമായ നിരവധി ചിത്രങ്ങളും കഥാസന്ദർഭങ്ങളും വേറെയുമുണ്ട്. 1400 ചതുരശ്ര അടി വിസ്‌തീർണമുള്ള ഗ്രന്ഥശാല കെട്ടിടത്തിന്റെ ചുവരിൽ പി കേശവദേവ്, ലളിതാംബിക അന്തർജനം, മുകുന്ദൻ, മാധവിക്കുട്ടി എന്നിവരുടെ രേഖാചിത്രങ്ങളും വരച്ചിട്ടുണ്ട്. ചിത്രകാരൻ നമ്പൂതിരിയുടെ ചിത്രത്തിനൊപ്പം രണ്ടാമൂഴത്തിൽ അദ്ദേഹം വരച്ച ദ്രൗപതിയുടെ രേഖചിത്രവും ഇടം നേടിയിട്ടുണ്ട്. ഗ്രന്ഥശാല പ്രസിഡന്റ് രമേശ് പ്രസാദ്, സെക്രട്ടറി കെ ആർ മുരളീധരൻപിള്ള, ലൈബ്രേറിയൻ എസ് ബിന്ദു എന്നിവരാണ് ചിത്രരചന എന്ന ആശയത്തിന് പിന്നിൽ. ചിത്രകാരൻ മനു തിരുവൻവണ്ടൂർ, ദിലീപ് ചുങ്കപ്പാറ എന്നിവർ ചേർന്ന് ആശയം ചുവരിലേക്ക് പടർത്തി. 1955ലാണ് എ ഗ്രേഡ് ഗ്രന്ഥശാല സ്ഥാപിച്ചത്. ഗ്രന്ഥശാല പ്രവർത്തകരായ പുഷ്പാലയം വി വർഗീസ്, കോയിത്തറയിൽ പി ടി കൃഷ്ണക്കുറുപ്പ്, കെ എം ചന്ദ്രശർമ, പുലരി വാസുദേവൻ, കെ കെ തങ്കപ്പക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനത്തിലൂടെ പണം കണ്ടെത്തി സ്വന്തമായി കെട്ടിടം നിർമിച്ചു. നിലവിൽ 20,000 അധികം പുസ്തകങ്ങളുണ്ട്. തയ്യൽ, യോഗ, കരാത്ത പരിശീലനം നൽകുന്നു. ജനസേവന കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.









0 comments