ad
Deshabhimani

ഹബ്ബിലെത്തിയത് 2.77 ലക്ഷം പുസ്‌തകങ്ങൾ

പാഠപുസ്‌തകങ്ങൾ റെഡി 
ഇനി പഠിച്ചാൽ മതി

textbook

ജില്ലാ ഹബ്ബിൽ പാഠപുസ്തകങ്ങൾ തരംതിരിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Feb 09, 2026, 12:52 AM | 1 min read

ആലപ്പുഴ

പത്തുവർഷമായി തുടരുന്ന പതിവ്‌ ഇക്കുറിയും തെറ്റിയില്ല. സ്‌കൂളുകൾ തുറക്കും മുമ്പ്‌ പാഠപുസ്‌തകങ്ങൾ കുട്ടികളുടെ കൈകളിലെത്തും. സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയന വർഷത്തെ പുസ്തകങ്ങൾ ജില്ലാ ഹബ്ബിലെത്തിത്തുടങ്ങി. നാല് ലോഡുകളിലായി രണ്ടര ലക്ഷത്തിലധികം പുസ്തകങ്ങളാണ്‌ ആലപ്പുഴ ഗേൾസ് സ്കൂളിലെ ഹബ്ബിൽ എത്തിയത്‌. ജില്ലയിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ ആദ്യവാല്യം വിതരണത്തിന്‌ 17 ലക്ഷത്തോളം പുസ്തകം വേണ്ടിവരും. അഞ്ച് ലക്ഷം പുസ്തകങ്ങളെത്തിയ ശേഷം തരംതിരിക്കൽ ആരംഭിക്കും. ഓരോ സൊസൈറ്റിക്കും കൈമാറേണ്ട പുസ്തകങ്ങളുടെയും ഓരോ സ്കൂളിനും ആവശ്യമായ പുസ്തകങ്ങളുടെയും കണക്ക് ടെക്സ്റ്റ് ബുക്ക് മോണിറ്ററിങ്‌ സിസ്റ്റം വഴി ശേഖരിക്കും. കുടുംബശ്രീ പ്രവർത്തകരെ തന്നെയാവും തരംതിരിക്കലിനും വിതരണത്തിനും ചുമതലപ്പെടുത്തുക. പുതിയ അധ്യയന വർഷം ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ രണ്ട് വാല്യങ്ങളിലായി 27 ലക്ഷത്തോളം പുസ്തകങ്ങൾ ആവശ്യമായി വരുമെന്നാണ് കരുതുന്നത്‌. അച്ചടി പൂർത്തിയാകുന്നതനുസരിച്ച്‌ മുഴുവൻ പുസ്‌തകങ്ങളുമെത്തും. പത്ത് ലക്ഷത്തോളം പുസ്തകങ്ങളിലേക്ക് എത്തുന്ന ഘട്ടത്തിൽ സൊസൈറ്റികളിലേക്കുള്ള വിതരണം ആരംഭിക്കും. 261 സൊസൈറ്റികളാണ് ജില്ലയിലുള്ളത്. ഒരു സൂപ്പർവൈസറും 11 കുടുംബശ്രീ പ്രവർത്തകരുമാണ്‌ ജില്ലാ ഹബ്ബിൽ പുസ്തകവിതരണത്തിന്‌ നേതൃത്വം നൽകുന്നത്‌. ​ഇക്കുറി റോബോട്ടിക് കിറ്റുകളും ​പത്താം ക്ലാസ് പാഠ്യപദ്ധതിയിൽ റോബോട്ടിക്സ് പഠനം ഉൾപ്പെടുത്തിയതിനാൽ കൈറ്റ്സ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) വഴി ഹൈസ്കൂളുകളിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണംചെയ്യും. കൈറ്റ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ മുൻ വർഷങ്ങളിൽ റോബോട്ടിക് കിറ്റുകൾ നൽകിയിരുന്നു. കൂടുതൽ മെച്ചപ്പെടുത്തിയ അഡ്വാൻസ്ഡ് കിറ്റാണ് ഇത്തവണ നൽകുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്ക്സ് (ഐഒടി) ആണ് ഉപകരണ നിർമാണത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുക. പാഠപുസ്തകങ്ങൾക്കപ്പുറം പ്രായോഗിക പരിശീലനം നൽകുകയാണ്‌ ലക്ഷ്യം. പ്രോഗ്രാമിങ്‌ ഭാഷകളിൽ പ്രാവീണ്യം നേടാനും സഹായിക്കുന്ന തരത്തിലാണ് കിറ്റ് തയ്യാറാക്കിയിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home