പേരും തൊഴിലും മാറ്റി ഒളിവിൽ
കുടുങ്ങി തടിക്കച്ചവട തട്ടിപ്പിലെ "സുകുമാരക്കുറുപ്പ്'

ചെങ്ങന്നൂർ
ആളൊഴിഞ്ഞ പുരയിടങ്ങളിലെ മരങ്ങൾ വിറ്റും വ്യാജ കരാറുകളുണ്ടാക്കിയും ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിൽ മുഖ്യ ആസൂത്രകൻ പിടിയിൽ. മാവേലിക്കര തെക്കേക്കര വാത്തികുളം കടിക്കിലേത്ത് വടക്കേത്തിൽ ശിവപ്രസാദിനെയാണ് (പ്രകാശ്, 48) വെൺമണി പൊലീസ് ഈരാറ്റുപേട്ടയിൽനിന്ന് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മറ്റ് പ്രതികളെ ഉപയോഗിച്ച് തട്ടിപ്പ് ആസൂത്രണംചെയ്ത് നടപ്പാക്കിയത് ശിവപ്രസാദാണെന്നാണ് കണ്ടെത്തൽ. പോക്സോ ഉൾപ്പടെയുള്ള കേസുകളിലും ഇയാൾ പ്രതിയാണ്. പേരും തൊഴിലും മാറ്റി വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയായിരുന്നു ഇയാൾ. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് ഈരാറ്റുപേട്ടയിലെ ഒളിസങ്കേതം കണ്ടെത്തിയത്.വിദേശത്തുള്ള വെൺമണി കുഴിയിലേത്ത് ഉഷസിൽ ബിന്നി ജോർജ് ചാക്കോയുടെ മാമ്പ്ര പാടത്തിന് സമീപമുള്ള പുരയിടത്തിൽ മരങ്ങൾ മുറിക്കാൻ ശ്രമിക്കവേയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ബിന്നിയുടെ സഹോദരനും മാധ്യമപ്രവർത്തകനുമായ സാം കെ ചാക്കോ എത്തുമ്പോഴേക്കും സംഘം കടന്നുകളഞ്ഞിരുന്നു. തുടർന്ന് തടി വ്യാപാരികൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്.ചെറിയനാട് ചെറുവല്ലൂർ പുളിനിൽക്കുന്നതിൽ സതീഷ് (45), പത്തിയൂർ എരുവ പടിഞ്ഞാറ് കളരിവാതുക്കൽ പ്രജീഷ് കുമാർ (40), ചെറിയനാട് ചെറുവല്ലൂർ ഷിജു മൻസിലിൽ ഷിജു (31), ചെറുവല്ലൂർ പ്രഭാലയം രജനി (46) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായി. രജനിക്ക് കോടതി ജാമ്യം അനുവദിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി, മാന്നാർ സിഐ അജീബ് എന്നിവരുടെ മേൽനോട്ടത്തിൽ വെൺമണി സ്റ്റേഷൻ എസ്എച്ച്ഒ അനന്തുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്ന് സമാന പരാതി ലഭിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.









0 comments