ഒപ്പമിരിക്കും മുഖ്യമന്ത്രി, ക്ലാസിലിരുത്തും മന്ത്രി
മാടിവിളിക്കുന്നു അക്ഷരവസന്തം

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം നടക്കുന്ന കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on Jun 02, 2025, 03:00 AM | 1 min read
കലവൂർ
വിദ്യാഭ്യാസമേഖലയിൽ ഒട്ടേറെ നൂതനാശയങ്ങൾ പ്രാവർത്തികമാക്കി സംസ്ഥാനതലത്തിൽ പെരുമനേടിയ കലവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സംസ്ഥാന പ്രവേശനോത്സവത്തിന് ഒരുങ്ങി. തിങ്കൾ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി ശിവൻകുട്ടി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് സ്‌കൂൾ സന്ദർശിച്ചു. രാവിലെ 8.30 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ആരംഭിക്കും. കലവൂർ സ്‌കൂളിലെ കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുക. ഒമ്പതിന് എൽപിയിലെ നവാഗതരായ കുട്ടികളെ മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ച് ക്ലാസുകളിൽ ഇരുത്തും. മുഖ്യമന്ത്രിയും അതിഥികളും എത്തിക്കഴിയുമ്പോൾ പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം. കുട്ടികളോടൊപ്പമിരുന്നാകും മുഖ്യമന്ത്രിയും അതിഥികളും ദൃശ്യാവിഷ്‌കാരം ആസ്വദിക്കുക. 26 കുട്ടികൾ അണിനിരക്കുന്ന ദൃശ്യാവിഷ്‌കാരത്തിന്റെ റിഹേഴ്സൽ പൂർത്തിയായി. പ്രവേശനോത്സവ ഗാനം രചിച്ച 10–-ാം ക്ലാസ് വിദ്യാർഥി കൊട്ടാരക്കര സ്വദേശി ഭദ്ര ഹരി ചടങ്ങിൽ പങ്കെടുക്കും. ഇതിനുശേഷമാണ് ഉദ്ഘാടനം. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്ന മൂവായിരത്തോളം പേർക്ക് ലഘുഭക്ഷണം ഒരുക്കിയിട്ടുണ്ട്. കലവൂർ സ്‌കൂളിലെ അധ്യാപകർ ഞായർ രാത്രിയോടെ ലഘുഭക്ഷണം പായ്‌ക്കറ്റുകളിലാക്കി. സമ്മേളനശേഷം ഉച്ചക്ക് 3000 പേര്‍ക്ക് സദ്യയും ഒരുക്കിയിട്ടുണ്ട്.










0 comments