സുഗമസഞ്ചാരം മുടക്കി ദേശീയപാതാ വികസനം
ജനകീയ സത്യഗ്രഹം പുരോഗമിക്കുന്നു

ചേർത്തല റെയിൽവേസ്‌റ്റേഷന് മുന്നിൽ ജനകീയ സത്യഗ്രഹം മൂന്നാംദിവസം ആക്ഷൻ കൗൺസിൽ ചെയർമാൻ ഷിമ്മി ജോർജ് ഉദ്ഘാടനംചെയ്യുന്നു
ചേർത്തല
സുഗമസഞ്ചാരം മുടക്കിയുള്ള ദേശീയപാതാ വികസനം പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ സത്യഗ്രഹം നാലാം ദിവസം. ചേർത്തല റെയിൽവേസ്‌റ്റേഷൻ കവാടത്തോടുചേർന്ന വികസിത ദേശീയപാതയുടെ രൂപകൽപ്പന ട്രെയിൻ യാത്രക്കാർക്കും നഗരത്തിലേക്ക് പ്രവേശനത്തിനും ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നത് തിരുത്തണമെന്നും സ്‌റ്റേഷന് മുന്നിൽ ഉയരപ്പാത നിർമിക്കണമെന്നും ആവശ്യപ്പെട്ടാണ് നഗരസഭ നേതൃത്വത്തിലെ സർവകക്ഷി സമരസമിതിയുടെ സത്യഗ്രഹം. ചേർത്തല പൊലീസ് സ്‌റ്റേഷന് സമീപം റാന്പ് സൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്. റെയിൽവേസ്‌റ്റേഷന് സമീപം തിങ്കളാഴ്‌ചത്തെ സത്യഗ്രഹം എൻഎച്ച് ആക്ഷൻ കൗൺസിൽ കൺവീനർ എസ് ശിവൻപിള്ള ഉദ്ഘാടനംചെയ്‌തു. താലൂക്കിൽ വിവിധയിടങ്ങളിൽനിന്ന് ട്രെയിൻ യാത്രയ്‌ക്ക് ചേർത്തലയിൽ എത്തുന്നവരെയും സ്‌റ്റേഷനിലെത്തി കിഴക്കോട്ട് നഗരഹൃദയത്തിൽ എത്തേണ്ടവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന രൂപത്തിലാണ് നിലവിൽ നിർമാണം. പാതയിൽനിന്ന് ഇരുദിശകളിലേക്കും കടക്കാൻ സാധിക്കാത്ത അവസ്ഥയാണുണ്ടാകുക. ജോളി ജോസഫ്, ധന്യ ജയദേവൻ, ഡി ഷാജി, എസ് സനീഷ്, പി സോയിമോൻ എന്നിവർ സംസാരിച്ചു.









0 comments