കനത്ത മഴ
കൊയ്യാന്‍ പാകമായ നെല്ല് വീണടിഞ്ഞു

നാലുപാടത്തെ വീണടിഞ്ഞ നെല്ല് കൊയ്യുന്നു
അമ്പലപ്പുഴ
കൊയ്ത്തിന് പാകമായ നെല്ല് കനത്ത മഴയിൽ വീണു നശിച്ചു. ഒന്നരക്കോടി രൂപയിലേറെ നഷ്ടം. നഷ്ട പരിഹാരം നൽകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി കർഷകരുടെ പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൃഷിഭവന് കീഴിലെ വണ്ടാനം നാലുപാടം പാടശേഖരത്തെ 150 ഓളം ചെറുകിട കർഷകരുടെ നെല്ലാണ് ശക്തമായ കാറ്റിലും മഴയിലും വീണടിഞ്ഞ് നശിച്ചത്. 435 ഏക്കറുള്ള ഇവിടെ 269 കർഷകരാണുള്ളത്. എട്ടിനാണ് കൊയ്ത്താരംഭിച്ചത്. കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയിൽ 500 ഓളം ക്വിന്റൽ നെല്ലാണ് വീണ് നശിച്ചത്. ഒന്നരക്കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് ഒരേക്കർ നെല്ല് കൊയ്തെടുക്കാൻ രണ്ട് മണിക്കൂറെടുക്കും. മഴയിൽ വീണതോടെ കൊയ്തെടുക്കാൻ നാല് മണിക്കൂറിലധികം വേണം. ഇത് ഇരട്ടിയിലധികം ചെലവാണ് കർഷർക്കുണ്ടാക്കിയത്. മണിക്കൂറിന് 1992 രൂപയാണ് യന്ത്രത്തിന് വാടക. വീണ് കിടക്കുന്ന നെല്ല് യന്ത്രമുപയോഗിച്ച് കൊയ്തെടുത്തിട്ടും ഏക്കറിന് ഒന്നര ക്വിന്റൽ പോലും നെല്ല് കിട്ടാത്ത അവസ്ഥയാണ്. ഏക്കറിന് 40,000 ത്തിലധികം രൂപ ചെലവഴിച്ചാണ് കൃഷി ചെയ്തത്. സ്വർണം പണയംവച്ചും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം ഉയർന്ന പലിശക്ക് പണമെടുത്തുമാണ് കൃഷിയിറക്കിയത്. എന്നാൽ കർഷകരുടെ മാസങ്ങൾ നീണ്ട അധ്വാനം മഴയിൽ നശിച്ചു. നഷ്ട പരിഹാരമാവശ്യപ്പെട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ ഏക്കറിന് ഒന്പത് ക്വിന്റല്‍ നെല്ല് ലഭിച്ചാൽ മാത്രമേ നഷ്ടപരിഹാരം നൽകാൻ കഴിയൂ എന്ന മറുപടിയാണ് ലഭിച്ചതെന്ന് കർഷകർ പറയുന്നു. ഏതാണ്ട് ഒന്നരക്കോടി രൂപയോളം തങ്ങൾക്ക് നഷ്ടം സംഭവിച്ചിട്ടും ഉദ്യോഗസ്ഥർ കൈമലർത്തുകയാണെന്ന് പാടശേഖര സമിതി സെക്രട്ടറി ഡി സതീശനും, പ്രസിഡന്റ് ജോസുകുട്ടിയും പറഞ്ഞു.









0 comments