ഐസ് ഹോക്കി അസോസിയേഷൻ നാമനിർദേശം ചെയ്‌തു; ഉഷ മത്സരിക്കും

പി ടി ഉഷ
ന്യൂഡൽഹി : ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് ഒളിന്പ്യൻ പി ടി ഉഷ മത്സരിക്കും. ഇന്ത്യൻ ഐസ് ഹോക്കി അസോസിയേഷനാണ് ഐഒഎ ജനറൽ കൗൺസിലിലേക്ക് നാമനിർദേശം ചെയ്‌തത്. 2022ൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഉഷ ഇക്കുറി ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
ഇതോടെയാണ് ഏതെങ്കിലും ഫെഡറേഷൻ പേര് നിർദേശിക്കേണ്ടിവന്നത്. മത്സരിക്കാൻ തീരുമാനിച്ചതോടെ ബിജെപി കേന്ദ്ര നേതൃത്വം അങ്കലാപ്പിലായി. പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഉഷ വഴങ്ങിയിട്ടില്ല.
ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ (എഎഫ്‌ഐ) ഉഷയെ നാമനിർദേശം ചെയ്‌തിരുന്നില്ല. ജനറൽ കൗൺസിൽ പ്രതിനിധികളായി പ്രസിഡന്റ് ആദില്ലെ സുമരിവാലയെയും ജ്യോതിർമയി സിക്ദറിനെയുമാണ് എഎഫ്‌ഐ പരിഗണിച്ചത്. ഫെ-ഡറേഷനുകൾക്ക് പേര് നൽകാൻ നൽകിയ സമയപരിധി വ്യാഴം പകൽ മൂന്നിന് അവസാനിച്ചിരുന്നു.
പ്രതിനിധികളുടെ അന്തിമ പട്ടിക റിട്ടേണിങ് ഓഫീസർ പ്രസിദ്ധീകരിക്കും. ഡിസംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. അതേസമയം, ചട്ടലംഘനമടക്കം ഉന്നയിച്ച് നൽകിയ പരാതിയിൽ നടപടിയെടുക്കാൻ അധികാരമില്ലെന്ന വാദമുമായി റിട്ടേണിങ് ഓഫീസർ സഞ്ജയ് കുമാർ ശ്രീവാസ്തവ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ഉഷ സമയം ചോദിച്ചിട്ടും ലഭിച്ചിട്ടില്ല. കേന്ദ്രകായിക മന്ത്രി മൺസൂഖ് മാണ്ഡവ്യയും കേൾക്കാൻ തയ്യാറായിട്ടില്ല.








0 comments