വടകരയിൽ പണി ഇഴയുന്നു

വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ദേശീയപാതയുടെ നിർമാണ പ്രവൃത്തി
വടകര
മഴ മാറിയിട്ടും വടകരയിൽ ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾക്ക് വേഗം പോരാ. നഗരത്തിൽ ഉയരപ്പാതയുടെ നീളം വർധിപ്പിക്കാനായി പുതുതായി അനുവദിച്ച പ്രവൃത്തിയുടെ പൈലിങ്ങും ഗർഡറുകളുടെ നിർമാണവും നടക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ പണി ഇഴയുകയാണ്. പാലോളിപ്പാലം മുതൽ അഴിയൂർ വരെ മുമ്പുണ്ടായിരുന്ന ഗതാഗതക്കുരുക്കിന് വടകര മേഖലയിൽ മാത്രം നേരിയ കുറവുണ്ടായിട്ടുണ്ട്. കരിമ്പനപ്പാലം മുതൽ ആശ ആശുപത്രിക്ക് സമീപം വരെ പൊട്ടിപ്പൊളിഞ്ഞിരുന്ന സർവീസ് റോഡുകൾ ടാറിങ്ങ് നടത്തിയത് അൽപം ആശ്വാസമായി. കരിമ്പനപ്പാലം, പുതിയ ബസ് സ്റ്റാൻഡ്, അടക്കാതെരു, പെരുവാട്ടുംതാഴ എന്നിവിടങ്ങളിൽ പാലം നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും അപ്രോച്ച് റോഡുകളുടെ നിർമാണം വേഗത്തിലാകാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ചോറോട് റെയിൽപാളത്തിന് കുറുകെ ബോസ്ട്രിങ്ങ് പാലം പണി കഴിച്ച് സ്ഥാപിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ നിർമാണം എങ്ങുമെത്തിയിട്ടില്ല. വടകര ബൈപാസിൽ പെരുവാട്ടുംതാഴ മുതൽ കരിമ്പനപ്പാലം വരെ അഞ്ചിടങ്ങളിൽ ഉയരപ്പാതയുടെ നീളം കൂടുന്നുണ്ട്. ആദ്യ ഡിപിആറിലെ മണ്ണിട്ടുയർത്തിയുള്ള പാത പിന്നീട് തൂണിന് മുകളിലുള്ള പാതയാക്കുകയായിരുന്നു. ഗൾഫാർ കൺസ്ട്രക്‌ഷനാണ് ഈ പ്രവൃത്തി ചെയ്യുന്നത്. ഈ ഭാഗത്തുള്ള പൈലിങ് ഏതാണ്ട് പൂർത്തിയായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കരിമ്പനപ്പാലം ഭാഗത്തേക്ക് 150 മീറ്റർ നീളത്തിൽ പാലം നീട്ടുന്നുണ്ട്. തൂണുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. തൂണും പൈൽ ക്യാപും ഉയരുമ്പോഴേക്കും ഗർഡർ സ്ഥാപിക്കാനാകും. അടക്കാതെരു ജങ്ഷനിലും തൂണുകളുടെ നിർമാണം നടക്കുന്നു. പെരുവാട്ടും താഴയിലും മേൽപാലത്തിന്റെ നീളം കൂട്ടാനുള്ള പൈലിങ് ആരംഭിച്ചു. ഇവയെല്ലാം പൂർത്തിയായാൽ മാത്രമെ ദേശീയപാതയുമായി ബന്ധപ്പെട്ട മറ്റ് പ്രവൃത്തികൾ ആരംഭിക്കാനാകൂ.









0 comments