മന്ത്രി വാക്കുപാലിച്ചു, സിന്ധുവിന് റോഡായി

മന്ത്രി സജി ചെറിയാൻ കളപ്പുരപ്പടി പെരുങ്കണ്ണാരിപ്പടി തൊഴിപ്പാട് ബണ്ട് റോഡ് ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
വെള്ളക്കെട്ടുമൂലം വഴി തടസപ്പെട്ട ശാരീരികപരിമിതിയുള്ള സിന്ധുവിനും കുടുംബത്തിനുമായി റോഡ് നിർമിച്ചുനൽകി മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂരിൽ സംഘടിപ്പിച്ച അദാലത്തിൽ നൽകിയ അപേക്ഷയിലാണ് നടപടി. അരയ്‌ക്ക് താഴെ ചലനശേഷിയില്ലാത്ത വള്ളക്കാലി മേൽപ്പാടം പെരുങ്കണ്ണാരി വാഴത്തറയിൽ സി വി സിന്ധുവിനും (52) അമ്മയും സഹോദരനുമുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും ഇതോടെ ആശ്വാസമായി. 32.8 ലക്ഷം രൂപ ചെലവിൽ ഒരുകിലോമീറ്ററിലാണ് കളപ്പുരപ്പടി - പെരുങ്കണ്ണാരിപ്പടി തൊഴിപ്പാട് ബണ്ട് റോഡ് നിർമിച്ചത്. പാടത്ത് വെള്ളക്കെട്ടായാൽ സിന്ധുവിനെ കസേരയിൽ ഇരുത്തി ഉയർത്തിയാണ് ആശുപത്രിയിലെത്തിക്കുന്നത്. കുടുംബവകയായ സ്ഥലത്ത് ഇരുഭാഗവും കരിങ്കല്ലിൽ കെട്ടി ഉയർത്തിയാണ് കോൺക്രീറ്റ് റോഡ് ഒരുക്കിയിരിക്കുന്നത്. സമീപത്തെ മൂന്ന് കുടുംബങ്ങൾക്കുകൂടി റോഡ് സഹായകമാകും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പി എ ലത അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷൻ ടൈറ്റസ് പി കുര്യൻ, അംഗം ലേഖനകുമാരി, സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ എം അശോകൻ, സുനിത ഏബ്രഹാം എന്നിവർ സംസാരിച്ചു.










0 comments