നൂറു കരകളുടെ നാട് നൂറൻ കിഴങ്ങിന്റെയും

ശിവരാത്രി നാളിലെ കെട്ടുകാള മഹോത്സവം (ഫയല്‍ ചിത്രം)
നൂറനാട്
നൂറനാട് എന്ന നാടിന്റെ പേരിൽ രണ്ട് കൗതുകകഥകൾ ഒളിഞ്ഞിരിക്കുന്നു. നൂറു കരകൾ ചേർന്നുണ്ടായ വലിയൊരു പ്രദേശത്തിന്റെ ആസ്ഥാനമായിരുന്നതിനാൽ ‘നൂറുനാട്' എന്ന പേര് ലഭിച്ചെന്നും കാലക്രമേണ അത് നൂറനാടായെന്നുമാണ് ഒരുകഥ. ഇവിടത്തെ മണ്ണിൽ സമൃദ്ധമായി വിളഞ്ഞിരുന്ന നൂറൻ കിഴങ്ങുമായി ബന്ധപ്പെട്ട മറ്റൊരു കഥയുമുണ്ട്. കാട്ടുകാച്ചിൽ ധാരാളമായി വിളഞ്ഞിരുന്ന പ്രദേശമായതിനാൽ നൂറനാട് എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. ഓണാട്ടുകരയുടെ മണ്ണിൽ കാലം ബാക്കിവച്ച ഇത്തരം അടയാളങ്ങളാണ് നൂറനാടിനെ വേറിട്ടുനിർത്തുന്നത്. ഓണാട്ടുകരയുടെ ചരിത്രവും കാർഷിക പാരമ്പര്യവും പേറുന്ന നൂറനാട് ഇന്ന് മാവേലിക്കര താലൂക്കിലെ പ്രധാന പഞ്ചായത്തുകളിലൊന്നാണ്. അച്ചൻകോവിലാറിന്റെ തീരവും ചെറുകുന്നുകളും വിശാലമായ പുഞ്ചപ്പാടങ്ങളും ചേർന്ന ഭൂപ്രകൃതി നാടിന്റെ പ്രത്യേകതയാണ്. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നൂറനാട് ഒരുകാലത്ത് കൊല്ലം ജില്ലയിലായിരുന്നു. 1957 ആഗസ്‌ത് 17ന് ആലപ്പുഴ ജില്ല രൂപീകൃതമായതോടെ നൂറനാട് ആലപ്പുഴയുടെ ഭാഗമായി. 1961 ഡിസംബർ 30നാണ് പഞ്ചായത്ത് രൂപീകൃതമായത്. ശിവരാത്രിനാളിലെ കെട്ടുകാള മഹോത്സവം ദേശീയതലത്തിൽ ശ്രദ്ധേയമാണ്. കെട്ടുകാള നിർമാണത്തിലെ വൈദഗ്ധ്യം പരിഗണിച്ച് കേരള സർക്കാർ നൂറനാടിനെ ‘നന്ദികേശ ഗ്രാമം' ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കരിങ്ങാലിച്ചാൽ തണ്ണീർത്തടവും 934ൽ സ്ഥാപിതമായ ലെപ്രസി സാനട്ടോറിയവും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ആസ്ഥാനവും നൂറനാടിന്റെ സവിശേഷതകളാണ്. നൂറനാട് ഹനീഫ ഉൾപ്പെടെ കലാ-സാഹിത്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളുടെ നാടുമാണ് നൂറനാട്.









0 comments