ad
Deshabhimani

ചൊരിമണലിൽ വിരിഞ്ഞ കഞ്ഞിക്കുഴി വിജയഗാഥ

കഞ്ഞിക്കുഴിയിലെ കൃഷിയിടത്തിൽ വിളഞ്ഞ കണിവെള്ളരി

കഞ്ഞിക്കുഴിയിലെ കൃഷിയിടത്തിൽ വിളഞ്ഞ കണിവെള്ളരി

avatar
സുജിത്‌ ദാസ്‌

Published on Sep 17, 2026, 02:02 AM | 1 min read

കഞ്ഞിക്കുഴി

പൂക്കളും പച്ചക്കറിയും പഴങ്ങളും വിളയുന്ന തമിഴ്‌നാടൻ ഗ്രാമങ്ങളിലൂടെ യാത്രചെയ്‌തിട്ടുള്ളവർക്കറിയാം അവിടത്തെ കാർഷിക സമൃദ്ധി. ഇവിടെ ആലപ്പുഴയുടെ ചൊരിമണലിലുമുണ്ട്‌ ഇത്തരത്തിൽ ‘മിനി തമിഴ്‌നാട്‌’. അതാണ്‌ കഞ്ഞിക്കുഴി. കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ തനത്‌ ഇടം നേടിയ കഞ്ഞിക്കുഴി ഇന്ന്‌ വിളകളുടെ വൈവിധ്യത്താൽ ശ്രദ്ധയാകർഷിക്കുകയാണ്‌. പലതരം ബന്ദിയും വാടാമല്ലിയും ഉൾപ്പെടെ പൂക്കൾ, കഞ്ഞിക്കുഴി പയർ ഉൾപ്പെടെ പ്രശസ്‌തമായ പച്ചക്കറി വിളകൾ, നെല്ല്‌, കരനെല്ല്‌, കപ്പ തുടങ്ങിയവയാണ്‌ ഇവിടത്തെ പ്രധാന വിളകൾ. പൂർണമായും ജൈവകൃഷിയെ ആശ്രയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌. ജനകീയാസൂത്രണ പ്രസ്ഥാനമാണ്‌ കഞ്ഞിക്കുഴിക്ക്‌ കാർഷികക്കുതിപ്പേകിയത്‌. ഇവിടത്തെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകത ‘ചൊരിമണൽ' (സമുദ്രതീര മണൽ) ആണ്. കൃഷിക്ക് ഒട്ടും അനുയോജ്യമല്ലെന്ന് കരുതിയിരുന്ന മണലിനെ കർഷകക്കൂട്ടായ്മയിലൂടെ ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റിയാണ് കഞ്ഞിക്കുഴി ചരിത്രം സൃഷ്ടിച്ചത്. മഴപെയ്‌ത്‌ വീഴുന്ന വെള്ളം മണ്ണിൽ തങ്ങിനിൽക്കില്ല. ഉടൻ വറ്റിപ്പോകും. വേനലിൽ മണൽ പെട്ടെന്ന് ചൂടാവുകയുംചെയ്യും. വെറും മണലിൽ നേരിട്ട് കൃഷിചെയ്യുന്നതിന് പകരം ചാണകം, ചകിരിച്ചോറ്, കമ്പോസ്റ്റ്, വേമ്പനാട്ടു കായലിൽനിന്നുള്ള എക്കൽ എന്നിവ ചേർത്ത് മണലിന്റെ ഗുണം മാറ്റിയെടുത്തു. മറ്റിടങ്ങളേക്കാൾ കൂടുതൽതവണ ചെടികൾക്ക് നന ഉറപ്പാക്കുന്നു. ജനകീയാസൂത്രണത്തെ തുടർന്ന്‌ നിലവിൽവന്ന കഞ്ഞിക്കുഴിയിലെ കർഷകക്കൂട്ടായ്മയാണ് വിജയത്തിന് പിന്നിൽ. വീട്ടമ്മമാരും യുവാക്കളും കുടുംബശ്രീ അംഗങ്ങളും കൃഷിയിൽ സജീവപങ്കാളികളാകുന്നു. വിളവെടുക്കുന്ന ജൈവപച്ചക്കറികൾ ഇടനിലക്കാരുടെ ചൂഷണമില്ലാതെ കൃഷിഭവൻ വഴിയും പ്രാദേശിക വിപണികൾ വഴിയും വിറ്റഴിക്കുന്നു. വർഷം മുഴുവൻ ഇവിടെ പച്ചക്കറിയുണ്ട്‌. ഓണക്കാലത്താണ്‌ പൂവിപണി സജീവമാകുക. കേരളത്തിന്‌ പുറത്തേക്കും ഇവിടെനിന്നുള്ള പൂക്കൾ വിൽപ്പനയ്‌ക്കായി കൊണ്ടുപോകുന്നു. ഇത്തവണ ഓണം കഴിഞ്ഞും ഇവിടെ പൂവിപണി ഉഷാറായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home