കണക്കൻക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറുകൾ നന്നാക്കുന്നില്ല
പുത്തൻവേലിക്കരയിൽ ജലക്ഷാമം രൂക്ഷം

കണക്കൻക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ചാമത്തെ ഷട്ടർ തകർന്നതിനെത്തുടർന്ന് ഉയർത്തിവച്ചിരിക്കുന്നു
പറവൂർ
പുത്തൻവേലിക്കര പഞ്ചായത്തിൽ വീണ്ടും ജലക്ഷാമം രൂക്ഷമാകുന്നു. മഴ മാറിയതോടെ പെരിയാറിൽനിന്ന് ചാലക്കുടിയാറിലേക്ക് ഓരുജലം കയറുന്നതാണ് കാരണം.
ഓരുജലം കയറിയതോടെ ഇളന്തിക്കര പമ്പ് ഹൗസിൽനിന്നുള്ള പമ്പിങ് ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്. മഴ പെയ്‌തില്ലെങ്കിൽ പുഴവെള്ളത്തിൽ ഉപ്പിന്റെ തോത് വർധിക്കും. ദിവസങ്ങളോളം പമ്പിങ് നിർത്തേണ്ട സാഹചര്യമുണ്ടായാൽ പ്രതിസന്ധി രൂക്ഷമാകും.
മുൻവർഷങ്ങളിൽ ഇതേ അവസ്ഥയുണ്ടായപ്പോൾ നാട്ടുകാരുടെ കുടിവെള്ളം മുട്ടിയിരുന്നു. എന്നാൽ, ഇത്തവണയും യാതൊരു മുൻകരുതലുമില്ല. ചാലക്കുടിയാറിനെ ആശ്രയിച്ചാണ് പുത്തൻവേലിക്കര പഞ്ചായത്തിലെ ശുദ്ധജലവിതരണം. പുഴവെള്ളം ഇളന്തിക്കര പമ്പ്ഹൗസിൽ ശുദ്ധീകരിച്ചാണ് എല്ലാ വാർഡിലേക്കും വിതരണം ചെയ്യുന്നത്. കണക്കൻക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകളുടെ തകരാറാണ് ഓരുജലം കയറാൻ കാരണം.
പൂർണമായി തകർന്ന അഞ്ചാമത്തെ ഷട്ടർ ഉയർത്തിവച്ചിരിക്കുകയാണ്. ആകെയുള്ള 11 ഷട്ടറുകളിൽ പലതിലും ചോർച്ചയുണ്ട്. പുതിയത് മാറ്റിസ്ഥാപിക്കാൻ തുക അനുവദിച്ചെന്ന് സ്ഥലം എംഎൽഎകൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നുണ്ടെങ്കിലും തുടർനടപടികളായിട്ടില്ല.
ഷട്ടറുകൾ ചോരുന്നതിനാൽ എല്ലാ വർഷവും ലക്ഷങ്ങൾ മുടക്കി ഇളന്തിക്കര, കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിച്ച് മണൽബണ്ട് കെട്ടിയാണ് ഓരുജലത്തെ പ്രതിരോധിക്കുന്നത്.
ഏതാനും വർഷങ്ങളായി നവംബറിലാണ് ബണ്ട് കെട്ടിത്തീരുന്നത്. എന്നാൽ, അതിനുമുന്പ് പലതവണ ചാലക്കുടിയാറിൽ ഓരുജലമെത്തിയിരുന്നു. മഴ മാറിനിൽക്കുംതോറും ഓരുജലം കയറാനുള്ള സാധ്യതയേറുമെന്നതിനാൽ ഇത്തവണ മണൽബണ്ട് നിർമാണം നേരത്തെയാക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ഇതോടൊപ്പം കോഴിത്തുരുത്ത് സ്ലൂയിസ് അടയ്ക്കുകയും വേണം. മേജർ ഇറിഗേഷൻ വകുപ്പാണ് ബണ്ട് നിർമിക്കുന്നത്.
ചാലക്കുടിയാറിൽ ഓരുജലം കയറിയാൽ എറണാകുളം, തൃശൂർ ജില്ലകളിലായുള്ള പുത്തൻവേലിക്കര, കുന്നുകര, കുഴൂർ, പൊയ്യ തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമവും കൃഷിനാശവുമുണ്ടാകും. ബണ്ട് നിർമാണത്തിനും ഷട്ടർ അറ്റകുറ്റപ്പണി വേഗത്തിലാക്കാനും പഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷനേതാവ് കെ വി ബൈജു പറഞ്ഞു. നാട്ടിൽ മുഖ്യമന്ത്രിയുണ്ടായാലും ഉപ്പുവെള്ളം കുടിക്കാനാണ് തങ്ങളുടെ വിധിയെന്ന് പുത്തൻവേലിക്കരക്കാർ പറയുന്നു. പ്രശ്നപരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്.










0 comments