കണ്ടെത്തിയത് സിഎംഎഫ്ആർഐ ഗവേഷകർ
അറബിക്കടലിൽനിന്ന് പുതിയ ഈൽ മത്സ്യം

സിഎംഎഫ്ആർഐ ഗവേഷകർ അറബിക്കടലിൽനിന്ന് കണ്ടെത്തിയ പുതിയ ഈൽ മത്സ്യമായ അരിയോസോമ സിഎംഎഫ്ആർഐയൻസെ
കൊച്ചി
അറബിക്കടലിൽനിന്ന് കണ്ടെത്തിയ പുതിയയിനം ഈൽ മത്സ്യം സിഎംഎഫ്ആർഐയുടെ പേരിൽ അറിയപ്പെടും. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകർക്ക് കൊല്ലം തീരത്തുനിന്ന് 300 മീറ്റർ ആഴക്കടലിൽ നിന്നാണ് മീനിനെ ലഭിച്ചത്.
കഴിഞ്ഞ ജനുവരിയിൽ ലഭിച്ച മത്സ്യം ശാസ്ത്രീയ പരിശോധനയിൽ പുതിയ ഇനം ഈൽ മത്സ്യമാണെന്ന് തിരിച്ചറിഞ്ഞു. സിഎംഎഫ്ആർഐയുടെ 80ാം വാർഷികത്തിന്റെ ഭാഗമായി മീനിന് അരിയോസോമ സിഎംഎഫ്ആർഐയൻസെ എന്ന് പേരിട്ടു.
മീനിന്റെ അടിഭാഗത്തെ കറുത്ത പുള്ളികളാണ് പ്രധാന ആകർഷണം. മറ്റ് ഈൽ മത്സ്യങ്ങളിൽനിന്ന് വ്യത്യസ്തമായി നിരവധി പ്രത്യേകതകൾ വ്യക്തമായതോടെയാണ് പുതിയ ഇനം മീനാണെന്ന് തിരിച്ചറിഞ്ഞത്. പുതിയ മത്സ്യം കണ്ടെത്തിയതായുള്ള ശാസ്ത്ര പഠനം അന്താരാഷ്ട്ര ടാക്‌സോണമിക് ജേർണലായ സൂടാക്‌സയിൽ പ്രസിദ്ധീകരിച്ചു. വാണിജ്യപരമായ സാധ്യതകൾ പഠനം നടത്തി മാത്രമേ പറയാനാകൂവെന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകുന്ന സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രേഖ ജെ നായർ പറഞ്ഞു.










0 comments