സിഎംആർഎൽ ഉദ്യോഗസ്ഥരുടെ സത്യവാങ്‌മൂലം പുറത്ത്
print edition കള്ളമൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തി’

കെ എസ് സുരേഷ്‌കുമാർ ഇഡി ഡയറക്‌ടർക്ക് അയച്ച കത്തിലെ ഭാഗം
കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് കേസിൽ ഇഡിയെ വെട്ടിലാക്കി സിഎംആർഎൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക വെളിപ്പെടുത്തൽ. ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ എസ് സുരേഷ്‌കുമാർ, ചീഫ് ജനറൽ മാനേജർ പി സുരേഷ് കുമാർ എന്നിവർ ഇഡി ഡയറക്‌ടർക്ക് നൽകിയ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം പുറത്തുവന്നു.
നൽകാത്ത സേവനത്തിന് എക്‌സാലോജിക്കിന് പണം നൽകിയെന്ന് മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് സത്യവാങ്‌മൂലത്തിലുണ്ട്. ചോദ്യംചെയ്യലിന്റെ പേരിൽ മാനസികമായി തളർത്തി. ഇൗ സാഹചര്യത്തിൽ അവർ ആഗ്രഹിച്ചപോലെ ചെയ്യാതെ മാർഗമില്ലായിരുന്നുവെന്നും സത്യവാങ്‌മൂലത്തിലുണ്ട്. ഭീഷണിപ്പെടുത്തി ശേഖരിച്ച മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് 2024 മെയ് 15നാണ് ഇരുവരും ഇഡി ഡയറക്‌ടർക്ക് സത്യവാങ്മൂലം അയച്ചത്.
2024 ഏപ്രിൽ15നാണ് കെ എസ് സുരേഷ്-കുമാറിൽനിന്ന് ഇഡി ആദ്യം മൊഴിയെടുത്തത്. ഓഫീസിൽ വിളിച്ചുവരുത്തി, 63 വയസ്സുള്ള തന്നെ ഭക്ഷണം നൽകാതെയും വിശ്രമം അനുവദിക്കാതെയും പിറ്റേന്ന് രാവിലെ 10.30 വരെ ചോദ്യംചെയ്‌തു. സേവനമൊന്നും നൽകാതെയാണ് എക്‌സാലോജിക്കിന് പണം നൽകിയതെന്നും അനധികൃതമായി സന്പാദിച്ച പണമാണ് കന്പനി രാഷ്‌ട്രീയനേതാക്കൾക്ക് നൽകിയതെന്നും മൊഴി നൽകിയില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നും ഭീഷണിമുഴക്കി. 17ന് കന്പനി ഉടമയുടെ വീട്ടിലേക്കും ഇഡി വിളിച്ചുവരുത്തി. പി സുരേഷ്‌കുമാറും അവിടെയുണ്ടായിരുന്നു. പ്രായാധിക്യവും അനാരോഗ്യവുമുള്ള കന്പനി ഉടമയുടെ വിരലടയാളം ഇഡി ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് എടുത്തതിനും സാക്ഷിയാണ്. ഏപ്രിൽ 25നാണ് അവസാനമായി ഇഡി ചോദ്യംചെയ്‌തതെന്നും സത്യവാങ്‌മൂലത്തിൽ പറഞ്ഞു.
പറഞ്ഞ യഥാർഥ കാര്യങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് ഇഡി മൊഴി തയ്യാറാക്കിയതെന്ന് പി സുരേഷ്-കുമാറും മൊഴി പിൻവലിക്കൽ സത്യവാങ്മൂലത്തിൽ പറഞ്ഞു. തങ്ങളാവശ്യപ്പെട്ട മൊഴി നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും വിദേശത്ത് ജോലിചെയ്യുന്ന മകനെ മടങ്ങിപ്പോകാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. മുഖത്തിടിക്കാൻ മുതിർന്നു. 68 വയസ്സുള്ള തന്നെ മണിക്കൂറുകളോളം മുറിയുടെ മൂലയിൽ നിലത്തിരുത്തി. 2024 ഏപ്രിൽ 16 മുതൽ 22 വരെ ഇഡി മൊഴിയെടുത്തെന്നും സത്യവാങ്മൂലത്തിൽ വ്യക്ത മാക്കി.










0 comments