മാമലക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്തു

കാട്ടാനക്കൂട്ടം നശിപ്പിച്ച വീട്
കോതമംഗലം
മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്നിപ്പാറയിൽ ആളില്ലാതിരുന്ന വീട് കാട്ടാന തകർത്തു. ഈരന്തറയിൽ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്.
ബുധനാഴ്ച കൃഷിയിടത്തിൽ എത്തിയപ്പോഴാണ് വീട് തകർന്നുകിടക്കുന്നത് കണ്ടത്. വാർക്കവീടിന്റെ പിൻഭാഗവും സിമന്റിഷ്ടികയിൽ നിർമിച്ചഭിത്തിയും വാതിലും ജനൽകട്ടിളയും പുറത്തെ ഷീറ്റുമേഞ്ഞ ശുചിമുറിയും നശിപ്പിച്ചു. പറമ്പിലെ കമുക് മറിച്ചിട്ടു. മറ്റ് കൃഷികൾക്കും നാശംവരുത്തി. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ട്. മുന്പ് ഈ പ്രദേശത്ത് 15 കുടുംബങ്ങളുണ്ടായിരുന്നു. ആനശല്യം വർധിച്ചതോടെ ഭൂരിഭാഗംപേരും താമസം മാറി.
വനാതിർത്തിയിലെ വൈദ്യുതിവേലികൾ പ്രവർത്തനയോഗ്യമല്ലാത്തതാണ് ആനശല്യം കൂടാൻ കാരണം. മാസങ്ങളായി വൈദ്യുതിവേലി തകരാറിലായിട്ടും എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ മേഖലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.









0 comments