വ്യാജ വാർത്താ പ്രവാഹം
print edition അന്ന് ഒരു ന്യൂസ് റൂമിലും പൊലീസ് കയറിയില്ല


സി കെ ദിനേശ്
Published on Sep 17, 2026, 02:09 AM | 1 min read
തിരുവനന്തപുരം: അധികാരത്തിലെത്തി നാലുമാസമാകുമ്പോഴേക്കും പൊലീസിനെക്കൊണ്ട് ന്യൂസ് ഡെസ്‌ക് വരെ റെയ്ഡ് ചെയ്യിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം വിമർശങ്ങളോടുള്ള അസഹിഷ്‌ണുത. ചോദ്യം ചോദിക്കുന്നവർക്കും വിമർശങ്ങൾക്കും എതിരെ ഇതേ മനോഭാവമാണ് മുഖ്യമന്ത്രിക്ക്. 10 വർഷത്തെ എൽഡിഎഫ് ഭരണത്തിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ നൽകിയ വ്യാജവാർത്തകൾക്ക് കണക്കില്ല.
ബിരിയാണിച്ചെമ്പിലും ഇൗന്തപ്പഴത്തിലും ഖുർആനിലും സ്വർണം കടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നവയടക്കം കഥയിറക്കി. കള്ളമെന്നറിഞ്ഞിട്ടും ഇ ഡി നൽകുന്ന കുറിപ്പുകൾ അതേപടി വാർത്തയാക്കിയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകർതന്നെ പിന്നീട് സമ്മതിച്ചു. ഏത് വികസന പദ്ധതി കൊണ്ടുവന്നാലും അഴിമതിയാരോപണം പടച്ചുവിട്ടു. ഇൗ ഘട്ടത്തിലും മാധ്യമങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ എൽഡിഎഫ് സർക്കാർ ചോദ്യംചെയ്‌തില്ല. കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി.
എന്നാൽ, റിപ്പോർട്ടർ ചാനലിൽ നടത്തിയ റെയ്ഡിനെ ന്യായീകരിക്കാൻ മുഖ്യമന്ത്രി സതീശൻ പറഞ്ഞത് മംഗളത്തിനും ഏഷ്യാനെറ്റിനും മറ്റുമെതിരെ എടുത്ത കേസുകളാണ്. അത് വസ്‌തുതാപരമല്ല. മന്ത്രിയെ കുരുക്കാനൊരുക്കിയ തേൻകെണിയും ക്രിമിനൽ ഗൂഢാലോചനയുമാണ് മംഗളത്തിനെതിരായ കേസ്. മയക്കുമരുന്ന് പ്രവാഹമെന്ന വ്യാജവാർത്തയ്‌ക്ക് വിശ്വാസ്യത പകരാൻ ബാലികയെ ഡമ്മിയാക്കിയ കേസാണ് ഏഷ്യാനെറ്റിനെതിരെ. വ്യാജവാർത്ത സൃഷ്‌ടിച്ചതിനെതിരെ പി എം ആർഷോ നൽകിയ പരാതിയിലാണ് ചാനൽ ലേഖികയ്‌ക്ക് എതിരായ കേസ്. അശ്ലീല വാർത്തമാത്രം നൽകുന്നത് തൊഴിലാക്കിയ ഓൺലൈൻ മാധ്യമം വി ഡി സതീശന് പ്രിയപ്പെട്ടതായതുകൊണ്ടുമാത്രം, അവർക്കെതിരായ ക്രിമിനൽ നടപടി ഇല്ലാതാകില്ല. എന്നാൽ, റിപ്പോർട്ടർ ചാനൽ പൂട്ടിക്കുമെന്ന യുഡിഎഫ് നേതാക്കളുടെ ഭീഷണി അതേപടി നടപ്പാക്കുന്നതാണ് ബുധനാഴ്‌ചത്തെ റെയ്‌ഡിൽ കണ്ടത്.









0 comments