പാതിയെത്തി കോടതിപ്പാലം

സ്വന്തം ലേഖകൻ
Published on Sep 03, 2026, 01:04 AM | 1 min read
ആലപ്പുഴ
ജില്ലാ കോടതിപ്പാലം പുനർനിർമാണത്തിന്റെ പകുതിയോളം ജോലികൾ പൂർത്തിയായി. പാലത്തിന് ആകെയുള്ള 170 പൈലുകളിൽ 151 എണ്ണം പൂർത്തിയായി. 32 പൈൽ ക്യാപ്പുകളാണുള്ളത്. ഇതിൽ 25 എണ്ണം പൂർത്തിയായി. 80 തൂണുകളിൽ 45 എണ്ണത്തിന്റെ പണി തീർന്നു. 24 പിയർക്യാപ്പുകളിൽ 12 എണ്ണവും പൂർത്തിയാക്കി. പാലത്തിന് സ്ഥാപിക്കേണ്ട 20 ആർസിസി ഗർഡറുകളിൽ ആറെണ്ണവും പിഎസ്‌സി 186 ഗർഡറുകളിൽ 60 എണ്ണവും പൂർത്തിയായി. തുടർന്ന് ഗർഡറുകൾ സ്ഥാപിച്ച് വാർപ്പ് ജോലികൾ തുടങ്ങും. പഴയ ജില്ലാ കോടതിപ്പാലം പൊളിച്ച് പുതിയത് നിർമിക്കാൻ എൽഡിഎഫ് സർക്കാരാണ് നടപടി സ്വീകരിച്ചത്. ആലപ്പുഴ, അന്പലപ്പുഴ നിയമസഭാമണ്ഡലങ്ങളെ ബന്ധിപ്പിച്ച് വാടക്കനാലിന് കുറുകെയാണ് പാലം. വാഹനങ്ങളുടെ വേഗം ക്രമീകരിക്കാനാകുന്ന റൗണ്ട് എബൗട്ട് മാതൃകയിലാണ് നിർമാണം. കനാലിന്റെ ഇരുകരകളിലും നാല് വശങ്ങളിലേക്കായി ഫ്ലൈ ഓവറുകൾ, അടിപ്പാത, റാന്പ് റോഡുകൾ എന്ന നിലയിലാണ് രൂപകൽപ്പന. അടിപ്പാതയും, റാന്പ് റോഡുകളും പാലവും ഉൾപ്പെടെ 600 മീറ്ററാണ് നീളം. പ്രധാന പാലത്തിന് മാത്രം 90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്.










0 comments