ദർവേഷിനായി നാട് ഒരുമിക്കുന്നു
ചവിട്ടിയുടെ അടിയിൽ ചികിത്സാസഹായമുണ്ട്- എടുക്കുക’

ദർവേഷ് ചികിത്സാ ധനസമാഹരണത്തിന് വീട്ടിലെത്തുന്ന പ്രവർത്തകർ കാണാനായി വീട്ടുകാർ പ്രദർശിപ്പിച്ചിരുന്ന കുറിപ്പടി
മണ്ണഞ്ചേരി
"ചവിട്ടിയുടെ അടിയിൽ ചികിത്സാനിധി പണമുണ്ട് എടുക്കുക’. ദർവേഷ് ചികിത്സാസഹായസമിതി പ്രവർത്തകർ ധനസമാഹരണത്തിന് മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡിലെ ഒരു വീട്ടിൽ ചെന്നപ്പോൾ കോളിങ് ബെല്ലിൽ കണ്ട കുറിപ്പടിയാണിത്. വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുമ്പളത്ത് വീട്ടിൽ ദർവേഷിനായി (23) ഞായറാഴ്ച നാട് കൈകോർത്തപ്പോഴാണ് ഈ വേറിട്ട അനുഭവം. തറമൂടിന് സമീപം അനുപം വീട്ടിൽ റിട്ട. അധ്യാപക ദമ്പതികളായ അജിത്ത്കുമാർ, കലാദേവി എന്നിവരുടെ വീട്ടിൽ അതിരാവിലെ പ്രവർത്തകർ എത്തിയപ്പോഴാണ് കോളിങ് ബെല്ല് സ്വിച്ച് ബോർഡിൽ സെല്ലോടേപ്പ് കൊണ്ട് പതിപ്പിച്ച നിലയിൽ കുറിപ്പടി കണ്ടത്. വൈദ്യുതാഘാതം സൂക്ഷിക്കുക എന്ന കുറിപ്പടിയായിരിക്കും എന്നാണ് ആദ്യം കരുതിയത്. ബെല്ലടിക്കാൻ കയറിയയാൾ ഉറക്കെ വായിച്ചപ്പോഴാണ് കരുണ വറ്റാത്ത കാരുണ്യം മനസിലായത്. പഞ്ചായത്തിലെ 3, 5, 6, 17, 19, 20 വാർഡുകളിലായാണ് ധനസമാഹരണം നടന്നത്. 15 ലക്ഷം രൂപയോളം സമാഹരിക്കാനായെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ദർവേഷിന്റെ മൂന്നാംവാർഡിൽനിന്ന് നാലുലക്ഷം രൂപ സമാഹരിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ദർവേഷിന്റെ ജീവൻ നിലനിർത്താൻ 25 ലക്ഷം രൂപയോളം ചെലവ് വരും.








0 comments