കുരുക്കിലിഴഞ്ഞ് നഗരം

വൈഎംസിഎ–-ജില്ലാക്കോടതി ഭാഗത്തേക്കുള്ള റോഡിലെ ഗതാഗതക്കുരുക്ക്
നെബിൻ കെ ആസാദ്
ആലപ്പുഴ
നഗരത്തിലെ ഗതാഗതക്കുരുക്കുകളിൽ കുടുങ്ങി ജനം വലയുന്നു. ജില്ലാക്കോടതിപ്പാലം നിർമാണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ബദൽപാതകളിലും പുന്നമടയിൽനിന്ന് മിനി സിവിൽസ്‌റ്റേഷൻ ഭാഗത്ത് പഴയ പൊലീസ് ഒൗട്ട്‌പോസ്‌റ്റിനടുത്ത് നിർമിച്ച പാലത്തിലേക്ക് കയറുന്ന വഴികളിലുമാണ് പ്രധാനമായും ഗതാഗതക്കുരുക്കുണ്ടാകുന്നത്. പാലത്തിന്റെ പണി നടക്കുന്നതിനാൽ കൈചൂണ്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് നഗരചത്വരം തുറന്നുനൽകിയാണ് ഗതാഗതം ക്രമീകരിച്ചത്. വലിയ വാഹനങ്ങൾക്ക് ഇൗ വഴി പ്രവേശനമില്ല. ശവക്കോട്ടപ്പാലം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വൈഎംസിഎയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മുല്ലയ-്‌ക്കൽ വഴി കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിലേക്കും നേരെ ബീവറേജിന് മുന്നിലൂടെ സ്‌റ്റാൻഡിലേക്ക് എത്തുന്ന രീതിയിലുമാണ്. വൈഎംസിഎയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ കോടതിക്കടുത്തേക്ക് എത്തുന്ന ഇടുങ്ങിയ വഴിയിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമുണ്ട്. തിരിച്ചാണെങ്കിൽ നാലുചക്ര വാഹനങ്ങൾക്കും പ്രവേശനം നൽകും. എന്നാൽ ഇൗ വഴികളില്ലൊം സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാകുന്നു. വൈഎംസിഎയിൽനിന്ന് കോടതി ഭാഗത്തേക്കുള്ള റോഡിൽ ഒരുവശം മാത്രമാണ് നാലുചക്ര വാഹനങ്ങൾക്കനുവദിച്ചതെങ്കിലും എന്നാൽ പൊലീസ് ഇല്ലാത്ത നേരങ്ങളിൽ രണ്ടുഭാഗത്തുനിന്നും വാഹനങ്ങൾ കയറുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. വൈഎംസിഎയിൽനിന്ന് ഇരുമ്പുപാലം ഭാഗത്തേക്ക് പോകുന്ന വഴിയിലും മുല്ലയ-്‌ക്കൽ ഭാഗത്തും ഗതാഗതക്കുരുക്കുണ്ട്. പ്രൈവറ്റ് ബസുകൾ അനുവദിച്ച സ്‌റ്റോപ്പുകളിലല്ലാതെ നിർത്തുന്നതും കുരുക്കിന് കാരണമാകുന്നു. ജനറൽ ആശുപത്രി ഭാഗത്തുനിന്ന് വരുന്ന ബസുകൾക്ക് ഇരുമ്പുപാലം ജങ്‌ഷനിൽ സ്‌റ്റോപ്പുണ്ട്. ആറുവഴികളിലൂടെ വാഹനങ്ങളെത്തുന്ന ഭാഗമാണിത്. ബസ് നിർത്തിക്കഴിഞ്ഞാൽ തൊട്ടുപുറകിലുള്ള വാഹനങ്ങളെല്ലാം നിർത്തണം. ഇതും ഗതാഗതക്കുരുക്കിന് കാരണമാണ്. വാഹനങ്ങൾ ഇടിക്കുന്നതും ഉരയുന്നതും പതിവ് വാടക്കനാലിന്റെ മറുകരയിൽ എസ്‌ഡിവി സ്‌കൂൾ മുതൽ പഴയ പൊലീസ് ഒൗട്ട്‌പോസ്‌റ്റ് വരെയുള്ള റോഡിലാണ് വലിയ ഗതാഗതക്കുരുക്ക്. പുന്നമടയിലേക്ക് പോകാനുള്ള ഇൗ പ്രധാന വഴിയിൽ രാവിലെയും വൈകിട്ടുമുള്ള കുരുക്കിൽ വാഹനങ്ങൾ തമ്മിൽ ഇടിക്കുന്നതും ഉരയുന്നതും സൈഡ് നൽകാത്തതിനെ തുടർന്നുമുള്ള തർക്കങ്ങളും ഇവിടെ സ്ഥിരമാണ്. എസ്‌ഡിവി സ്‌കൂളിനടുത്തുനിന്ന് നഗരചത്വരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും മിനി സിവിൽ സ്‌റ്റേഷനിൽനിന്ന് ചത്വരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുമുള്ള വളവും ഇവിടങ്ങളിൽ വലിയ വണ്ടികൾ പ്രവേശിക്കുന്നതും കുരുക്കിന് കാരണമാകുന്നു. പൊലീസ് ഒൗട്ട്‌പോസ്‌റ്റ് ഭാഗത്തേക്ക് നാലുവശങ്ങളിൽനിന്നും വാഹനങ്ങളെത്തും. തിരക്കുള്ള ദിവസങ്ങളിൽ ഇൗ ഭാഗത്തെ കുരുക്ക് അസഹനീയമാണ്.










0 comments