ആറന്മുള ക്ഷേത്രദർശനത്തിന് പുറപ്പെട്ട ചെന്നിത്തല പള്ളിയോടം തിരികെയെത്തി

ചെന്നിത്തല പള്ളിയോടം പള്ളിയോടപ്പുരയിലേക്ക് എത്തിക്കുന്നു
മാന്നാർ
ആററന്മുള ക്ഷേത്രദർശനം നടത്തി തിരുമുൽക്കാഴ്ച സമർപ്പിച്ച് ഉതൃട്ടാതി ജലമേളയിലും പങ്കെടുത്ത് ചെന്നിത്തല പള്ളിയോടം തിരികെ വലിയപെരുമ്പുഴ പള്ളിയോടക്കടവിലെത്തി. ചെന്നിത്തല തെക്ക് 93–-ാം നമ്പർ എൻഎസ്എസ് കരയോഗം ഉടമസ്ഥതയിലുള്ള പള്ളിയോടം 132–-ാം തവണയാണ് ആറന്മുള ക്ഷേത്രദർശനം നടത്തിയത്.
പള്ളിയോടക്കടവിൽനിന്ന് ആഗസ്ത് 29നാണ് യാത്രതിരിച്ചത്. അച്ചൻകോവിലാർ, കുട്ടമ്പേരൂർ ആറ്, പമ്പാ എന്നീ നദികൾ കടന്ന് ഏറെ ദൂരം താണ്ടി പാടി തുഴഞ്ഞെത്തിയ കരക്കാരെ വെറ്റ, പുകയില എന്നിവ നൽകി താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പള്ളിയോട സേവാസംഘം സ്വീകരിച്ചു.
വള്ളസദ്യക്കുശേഷം പള്ളിയോട സേവാസംഘം ഭാരവാഹികൾ വെറ്റിലയും പുകയിലയും നൽകി യാത്രയാക്കി. 14ന് പുലർച്ചെയാണ് ചെന്നിത്തല പള്ളിയോടം കടവിലെത്തിയത്. കരയോഗ അംഗങ്ങളും വനിതാസമാജവും ബാലസമാജ പ്രവർത്തകരും ചേർന്ന് നാമജപത്തോടെ പള്ളിയോടം പള്ളിയോടപ്പുരയിൽ കയറ്റി. കഞ്ഞിസദ്യ സ്വീകരിച്ചതോടെ ചടങ്ങുകൾക്ക് സമാപനമായി.
കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ, സെക്രട്ടറി ഗോപാലകൃഷ്ണൻപിള്ള, ജോയിന്റ് സെക്രട്ടറി കെ എസ് ശശീന്ദ്രൻപിള്ള, ട്രഷർ കൃഷ്ണകുമാർ, വൈസ്പ്രസിഡന്റ് ശ്രീനാഥ്, രാധാകൃഷ്ണൻ, സന്തോഷ് ചാല, ക്യാപ്റ്റൻ സുധീഷ്കുമാർ, വൈസ്ക്യാപ്റ്റൻ അഖിൽ എസ് നായർ, കിരൺ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പള്ളിയോടം ചെന്നിത്തല പള്ളിയോടപ്പുരയിലേക്ക് എത്തിച്ചത്.









0 comments