കേന്ദ്രം ലോട്ടറിമേഖലയെ 
തകർക്കുന്നു: എം വി ജയരാജൻ

Lottery
avatar
സ്വന്തം ലേഖകൻ

Published on Sep 18, 2025, 02:02 AM | 1 min read

ആലപ്പുഴ

കേരളത്തിലെ പാവപ്പെട്ടവന്റെ വരുമാന മാർഗമായ ലോട്ടറി മേഖലയെ തകർക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്ന്‌ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ. കേരള ലോട്ടറി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാസ്പോർട്ട് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉയർന്ന ജിഎസ്‌ടി നിരക്ക്‌ അടിച്ചേൽപ്പിച്ച്‌ ലോട്ടറിയെ ആഡംബര വസ്തുവാക്കാനുള്ള കേന്ദ്ര തീരുമാനം തൊഴിലാളി വിരുദ്ധമാണ്‌. ഉപസമിതിയെ തീരുമാനിക്കാതെയും പഠനം നടത്താതെയും ഏകപക്ഷീയമായ തീരുമാനങ്ങളാണ്‌ ജിഎസ്‌ടി ക‍ൗൺസിൽ നടപ്പാക്കുന്നത്‌. സോഫ്‌റ്റ്‌വെയറിൽ ഭേദഗതി വരുത്താനുള്ള സാവകാശം പോലുമില്ലാതെയാണ് പരിഷ്‌കരണം അടിച്ചേൽപ്പിച്ചത്. ഈ നടപടി ഓണം ബംബർ ഭാഗ്യക്കുറിയുടെ അവസാന ദിവസങ്ങളിലെ വിൽപ്പനയെ ബാധിക്കും. ജിഎസ്ടി പരിഷ്‌കരണത്തിന്റെ നേട്ടം കോർപ്പറേറ്റുകൾ തട്ടിയെടുക്കും. നികുതി പരിഷ്‌കരണത്തിലൂടെ കേരളത്തിനുണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാർ നൽകണമെന്നും ജയരാജൻ പറഞ്ഞു. ഭാഗ്യക്കുറിക്ക് കേന്ദ്രസർക്കാർ 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്‌സ്‌ അസോസിയേഷൻ (ഐഎൻടിയുസി) ജില്ലാ പ്രസിഡന്റ് കെ ദേവദാസ് അധ്യക്ഷനായി. ലോട്ടറി എജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് ബി എസ് അഫ്സൽ, സെക്രട്ടറി വി ബി അശോകൻ, എഐടിയുസി ജില്ലാ പ്രസിഡന്റ് എ എം ഷിറാസ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി വിജയൻ, ഏജന്റ്സ് യൂണിയൻ ജില്ലാ കൺവീനർ സി ബി ഷെജീർ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എ ഷാജി, പി പി പവനൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home