സാങ്കേതികാനുമതിയായി; തട്ടാശേരി പാലം നിർമാണം ഉടൻ

മങ്കൊമ്പ്
കാവാലം തട്ടാശേരിപാലം നിർമാണത്തിന് കിഫ്ബിയിൽനിന്ന് ലഭിച്ച 63.59 കോടിയുൾപ്പെടുത്തി തയ്യാറാക്കിയ എസ്‌റ്റിമേറ്റിന് സാങ്കേതികാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. വരുംദിവസങ്ങളിൽ പ്രവർത്തി ടെൻഡർ ചെയ്യും. ആദ്യഘട്ടത്തിൽ 60.03 കോടി അനുവദിച്ചിരുന്നു. 2021 ലെ പുതുക്കിയ റേറ്റ് പ്രകാരം 3.56 കോടി രൂപ അധികമായി അനുവദിച്ചതോടെ സാങ്കേതികാനുമതി വേഗത്തിലാക്കി. ഉടൻ ടെൻഡർ നടപടി പൂർത്തിയാക്കി പാലം നിർമാണം ആരംഭിക്കാൻ കേരള റോഡ് ഫണ്ട് ബോർഡിനോട് നിർദേശിച്ചെന്നും എംഎൽഎ പറഞ്ഞു. 2016ലെ ഇടക്കാല ബജറ്റിൽ 30 കോടി രൂപ അനുവദിച്ചതോടെയാണ് തട്ടാശേരി പാലത്തിന് പ്രതീക്ഷയായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിവരവെ ദേശീയജലപാത നിയമം പാലിക്കാൻ രൂപരേഖയിൽ മാറ്റംവരുത്തേണ്ടിവന്നു. ഇതിനായി തുക 52 കോടി രൂപയായി വർധിപ്പിച്ചു.1.10 ഏക്കർ ഭൂമിയും ഏറ്റെടുത്തു. ഭൂവുടമകൾക്ക് തുക കൈമാറി. തട്ടാശേരി പാലം യാഥാർഥ്യമാകുന്നതോടെ കുട്ടനാട്ടുകാരുടെ യാത്രാദുരിതത്തിന് പരിഹാരമാകും. ഉദ്‌ഘാടനംചെയ്‌ത വൈശ്യംഭാഗം, മങ്കൊമ്പ് സിവിൽ സ്‌റ്റേഷൻ, ചമ്പക്കുളം കനാൽ പാലം, നിർമാണം പൂർത്തിയാകുന്ന പടഹാരം പാലങ്ങൾക്ക് ഒപ്പം തട്ടാശേരി പാലംകൂടി പൂർത്തിയാകുമ്പോൾ ദേശീയപാത, എംസി റോഡ്, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലേക്ക് വളരെ വേഗത്തിൽ കുട്ടനാട്ടുകാർക്ക് എത്താം. ടൂറിസം, കാർഷിക സർക്യൂട്ടുകൾക്കായി പദ്ധതിരേഖ സർക്കാരിന് കൈമാറിയതായും എംഎൽഎ അറിയിച്ചു.









0 comments