30 ശതമാനത്തിന്റെ കുറവ്
മടിച്ച് മടിച്ച് വേനൽമഴ

ആലപ്പുഴ
വേനൽമഴയിൽ ഇതുവരെ ജില്ലയിൽ 30 ശതമാനത്തിന്റെ കുറവ്. മാർച്ച് ഒന്നുമുതൽ ഞായർവരെ ജില്ലയിൽ സാധാരണയായി ലഭിക്കേണ്ടിയിരുന്നത് 94.7 മില്ലിമീറ്റർ മഴയാണ്. എന്നാൽ 66.1 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. സാധാരണയായി ലഭിക്കേണ്ടതിലും 28.6 മില്ലിമീറ്റർ മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് വേനൽമഴ കണക്കാക്കുന്ന മാർച്ച് ഒന്നുമുതൽ മെയ് 31 വരെ കഴിഞ്ഞവർഷം 49 ശതമാനം അധികമഴ ലഭിച്ചിരുന്നു. സാധാരണയായി ലഭിക്കേണ്ട 441.4 മില്ലിമീറ്റർ മഴയ്‌ക്ക് പകരം 655.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. വേനൽമഴയിലെ കുറവ് വരുംദിവസങ്ങളിൽ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശൈത്യകാലമഴയിൽ ഇൗ വർഷം 75 ശതമാനത്തിന്റെ വർധനയുണ്ട്. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ ജില്ലയിൽ 68.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ 39.1 മില്ലിമീറ്ററാണ് ലഭിക്കേണ്ടത്. വേനൽമഴയിൽ സംസ്ഥാനത്ത് ഇതുവരെ 18 ശതമാനം മഴയുടെ കുറവുണ്ട്. 71.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 58.4 മില്ലിമീറ്റർ മാത്രമാണ് ഇതുവരെ ലഭിച്ചത്.










0 comments