ഹോട്ടലുകൾ 6ന് അടച്ചിടും
കേന്ദ്രത്തിന്റെ ഇരുട്ടടി, വീണ്ടും പ്രതിസന്ധി

ആലപ്പുഴ
കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലവർധനവിൽ വീണ്ടും വെട്ടിലായി ഹോട്ടൽ ഉടമകൾ. പുരവഞ്ചിയുടമകളേയും സ്ഥിരമായി ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നവരെയും വിലക്കയറ്റം ബാധിക്കും. പശ്‌ചിമേഷ്യൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ നേരത്തെ വിലവർധിച്ചതും ക്ഷാമമുണ്ടായതും ഇരു മേഖലകളെയും കാര്യമായി ബാധിച്ചിരുന്നു. ദിവസങ്ങളോളം ഹോട്ടലുകൾ അടച്ചിടേണ്ടി വന്നു. തുറന്നു പ്രവർത്തിച്ച ഹോട്ടലുകളിൽ വിഭവങ്ങൾക്ക് വില വർധിപ്പിച്ച് മെനു വെട്ടിച്ചുരുക്കേണ്ടി വന്നു. അവധിക്കാലത്ത് കായൽ വിനോദ സഞ്ചാരത്തിൽ വലിയ പ്രതീക്ഷവച്ചിരുന്ന പുരവഞ്ചിയുടമകളും നിരാശയിലായി. കാലാവസ്ഥ പ്രതികൂലമായത് മേഖലയെ കാര്യമായി ബാധിച്ചു. കുറഞ്ഞ സഞ്ചാരികൾ മാത്രമാണ് പുരവഞ്ചി സവാരിക്കെത്തിയത്. ഗ്യാസിന്റെ ക്ഷാമം അവിടെയും തിരിച്ചടിയായി. ഗ്യാസിന്റെ ലഭ്യത സാധാരണ ഗതിയിലായാൽ ആശ്വാസമാകും എന്ന് കരുതിയിരിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ ഇരുട്ടടി. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് എൽപിജി സിലിണ്ടറിന്റെ വില കേന്ദ്രസർക്കാർ കുത്തനെ കൂട്ടിയത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് വർധിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. വെള്ളിയാഴ്‌ച മുതലാണ് വർധന വന്നത്. നഷ്‌ടമാണെങ്കിലും പലരും സിലിണ്ടറുകൾ വാങ്ങിച്ചു. അഞ്ച് കിലോ സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് ഒറ്റയടിക്ക് 261 രൂപയാണ് കൂട്ടിയത്. അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടങ്ങളിൽ ഇത്തരം സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. ഇപ്പോഴും ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം വളരെ ചുരുക്കമാണ്. ഇതിനിടയിലാണ് വിലക്കയറ്റവും. എൽപിജി വില വർധനവിനെത്തുടർന്ന് പല ഹോട്ടലുകളും ചായ ഒഴിവാക്കിയിരുന്നു. ചിലയിടങ്ങളിൽ ചായ രാവിലെ മാത്രമായി ചുരുക്കി. പലരും ചില വിഭവങ്ങൾ വിറകിലേക്ക് മാറ്റി. എൽപിജി പ്രതിസന്ധി വന്നതോടെ വിറകിനും വില കൂടിയിട്ടുണ്ട്.
കെഎച്ച്ആർഎ പ്രതിഷേധിച്ചു
ആലപ്പുഴ
പാചകവാതകത്തിന്റെ അന്യായ വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെഎച്ച്‌ആർഎ) ആറി-ന് നടത്തുന്ന സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന് മുന്നോടിയായി മേഖല കമ്മിറ്റികൾ പ്രതിഷേധിച്ചു. ആലപ്പുഴ പാസ്‌പോർട്ട് ഓഫീസ് ജങ്ഷനിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി മനാഫ് എസ് കുബാബ ഉദ്ഘാടനംചെയ്തു. സുവി സൂര്യ, രാജേഷ് ഉഡുപ്പി, കോയ, ആർ നവാസ്, മുബാറക്, ഇസ്മായിൽ താഫ്, നസീർ താജ്, സുഹൈൽ, റൂബി, നൂർ സേട്ട് ഹസൻസ്, ഹംദുല്ല അലായീസ് എന്നിവർ പങ്കെടുത്തു.









0 comments