നാലുവയസുകാരൻ രക്ഷപ്പെട്ടു
കോലുമിഠായിയിൽ സ്‍റ്റീൽ ബോൾ

ആലപ്പുഴ
കോലുമിഠായിയിൽ സ്റ്റീൽബോൾ. വലിയ കലവൂർ പന്നിശേരി സ്വദേശി നാലുവയസ്സുള്ള മകന് വാങ്ങിയ മിഠായിയിലാണ് യന്ത്രങ്ങളുടെ ബെയറിങ്ങിൽ ഉപയോഗിക്കുന്ന സ്റ്റീൽ ബോൾ ലഭിച്ചത്. ചൊവ്വ വൈകിട്ട് മൂന്നിന് വലിയ കലവൂരിന് സമീപത്തെ കടയിൽനിന്നാണ് മിഠായി വാങ്ങിയത്. കഴിക്കുന്നതിനിടെ അസ്വാഭാവികത തോന്നിയ കുട്ടി മിഠായി രക്ഷിതാക്കളെ കാണിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ശിശുക്ഷേമ സമിതിയുടെ ടോൾഫ്രീ നമ്പരിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മിഠായിയുടെ സാമ്പിൾ ശേഖരിച്ചു. കടയിലെത്തി കമ്പനിയുടെ മറ്റ് മിഠായികളുടെയും വിതരണക്കാരുടെയും വിവരങ്ങളും പരിശോധിച്ചു. മധ്യപ്രദേശ് ആസ്ഥാനമായ മില്ലൻ കമ്പനിയുടെ കോലുമിഠായിയിലാണ് സ്റ്റീൽ ബോൾ കണ്ടെത്തിയത്. കൂടുതൽ മിഠായികളിലും സമാനമായ വസ്തുക്കൾ ഉണ്ടാകാമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. സംഭവത്തിൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുമെന്നും രക്ഷിതാക്കൾ പറഞ്ഞു.









0 comments