Deshabhimani

യുവതിയുടെ മരണം കൊലപാതകം; ഇരട്ടസഹോദരി അറസ്‌റ്റിൽ

Young woman's death is a murder

സജിത

വെബ് ഡെസ്ക്

Published on Nov 06, 2026, 02:58 AM | 1 min read

മുളന്തുരുത്തി


ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ സത്രത്തിൽ ഭജനയ്ക്കായി താമസിച്ചിരുന്ന കണ്ണൂർ സ്വദേശിനിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കണ്ണൂർ കാഞ്ഞിരോട് കൂടാളി തളമുണ്ട കുറുവ വീട്ടിൽ സബിത (45)യാണ് മരിച്ചത്. കേസിൽ ഇരട്ടസഹോദരിയായ സജിതയെ അറസ്റ്റ് ചെയ്തു. ഒപ്പം ഉണ്ടായിരുന്ന സഹോദരൻ സുധീർ പൊലീസ് നിരീക്ഷണത്തിലാണ്.


കഴിഞ്ഞ ഒന്നരവർഷമായി സബിതയും സജിതയും മാനസികാരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു. ഒക്ടോബർ 29നാണ് ഇരുവരും ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ എത്തിയത്. മൂന്നുദിവസത്തെ ഭജനയ്ക്കുശേഷം നവംബർ രണ്ടിന് നാട്ടിലേക്ക് മടങ്ങിയെങ്കിലും റെയിൽവേ സ്റ്റേഷനിൽവച്ച് സബിത അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീണ്ടും ക്ഷേത്രത്തിലെത്തുകയായിരുന്നു. മേൽശാന്തിയുടെ നിർദേശാനുസരണം ചോറ്റാനിക്കര സത്രത്തിൽ വീണ്ടും മുറിയെടുത്ത് ഭജന തുടർന്നു.


ഇതിനിടെ കഴിഞ്ഞദിവസം രാത്രിയുണ്ടായ തർക്കത്തിനിടെ സബിതയ്ക്ക് മർദനമേറ്റതായാണ് പൊലീസ് പറയുന്നത്. കട്ടിലിൽനിന്ന് വീണ് ബോധരഹിതയായി നിലത്തുകിടക്കുകയാണെന്ന് പറഞ്ഞ് ബുധനാഴ്ച രാവിലെ 7.30ഓടെ സഹോദരിയാണ് സത്രം ഭാരവാഹികളെ അറിയിച്ചത്. തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 9.45ഓടെ മരിച്ചു. മർദനമേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെയാണ് പൊലീസ് സജിതയെ അറസ്റ്റ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home