നെല്ലിക്കുഴിയിൽ യുവാവിനെ വധിക്കാൻ ശ്രമം; 2 പേർ പിടിയിൽ

കോതമംഗലം
നെല്ലിക്കുഴി ചിറപ്പടിയിൽ മണ്ണടിയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചിറപ്പടിയിൽ വ്യാഴം പകൽ 11 നാണ് സംഭവം. പാനിപ്ര അപ്പാടത്ത് അൽത്താഫിനെ (36) കമ്പിവടികൊണ്ട് ആക്രമിച്ച കേസിൽ നെല്ലിക്കുഴി പൂമറ്റം കവല കുപ്പക്കാട്ട് വീട്ടിൽ മുഹമ്മദ് സാഫി (35), നെല്ലിക്കുഴി ചിറപ്പടി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ മജീദ് (31) എന്നിവരെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്.
എസ്എച്ച്ഒ കെ എച്ച് ഹാഷിമിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. മണ്ണടിയുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ അൽത്താഫ് കേസ് കൊടുത്തതിനുള്ള വൈരാഗ്യമാണ് വധശ്രമത്തിന് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റ അൽത്താഫിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതി അബ്‌ദുൾ മജീദ് നിരന്തരം നെല്ലിക്കുഴിയിൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളെന്നും ഇയാൾക്ക് നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ സഹായം ലഭിക്കുന്നുണ്ടെന്നും സിപിഐ എം നെല്ലിക്കുഴി നോർത്ത് ലോക്കൽ കമ്മിറ്റി ആരോപിച്ചു. പ്രദേശത്തെ ഗുണ്ടാവിളയാട്ടത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.









0 comments