കായിക വികസനം വൻതോതിൽ: മന്ത്രി വി അബ്‌ദുറഹിമാൻ

സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച ടി എം അതുൽ, അനാമിക അജേഷ്, പി അഭിനവ്, ജെ ചന്ദ്രലേഖ, വി ജെ നവ്യ എന്നിവർ മന്ത്രി വി അബ്ദുറഹിമാനോടൊപ്പം. പി പി ചിത്തരഞ്ജൻ എംഎൽഎ സമീപം
ആലപ്പുഴ
സംസ്ഥാനത്ത് കായികമേഖലയിൽ മുന്പില്ലാത്ത അടിസ്ഥാന സൗകര്യ വികസനമാണെന്ന് മന്ത്രി വി അബ്‌ദുറഹിമാൻ. പത്ത് വർഷം മുന്പ് ഒരു സിന്തറ്റിക് ട്രാക്ക് മാത്രമാണ് കേരളത്തിലുണ്ടായിരുന്നത്. ഇപ്പോൾ 22 എണ്ണമായി. 362 പുതിയ സ്‌റ്റേഡിയം നിർമിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ ഇൻഡോർ സ്‌റ്റേഡിയങ്ങളുമായി. സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ പങ്കെടുത്ത കായികപ്രതിഭകൾക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഒരുക്കിയ സ്വീകരണം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ജി വി രാജ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പോർട്‌സ് സ്‌കൂളായി. സംസ്ഥാനത്തെ നാലാമത്തെ സ്‌പോർട്‌സ് സ്‌കൂൾ ഇടുക്കിയിൽ പൂർത്തിയാകുന്നു. 10 വർഷത്തിനിടെ 925 കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകിയെന്നും മന്ത്രി പറഞ്ഞു. വൈഎംസിഎയിലെ ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. 142 കായികതാരങ്ങളെ അനുമോദിച്ചു. സ്‌കൂൾ ഒളിമ്പിക്‌സിൽ റെക്കോഡ് സ്ഥാപിച്ച ടി എം അതുൽ, അനാമിക, ചന്ദ്രലേഖ തുടങ്ങിയവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. മറ്റുള്ളവർക്ക് സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് വി ജി വിഷ്‌ണു ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് കുര്യൻ ജയിംസ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധി വി സവിനയൻ, ടി ജയമോഹനൻ, ഗ്രിസിൽഡ കെ സേവ്യർ, പി എസ് ബാബു, കെ ആർ ബ്രിജിത്ത്, രാജേഷ് പാറയിൽ ,സീതാറാം, സി ടി സോജി, കെ എസ് ജയൻ, മൈക്കിൾ മത്തായി എന്നിവർ സംസാരിച്ചു.









0 comments