മുഹമ്മ – കുമരകം ഫെറിയിൽ കാറ്റിൽപ്പെട്ട് യാത്രാബോട്ടിന് ദിശതെറ്റി

മുഹമ്മ
ശക്തമായ കാറ്റിലും കോളിലുംപെട്ട് ജലഗതാഗത വകുപ്പിന്റെ മുഹമ്മ–- കുമരകം ഫെറിയിലെ എസ് 52–-ാം നമ്പർ യാത്രാബോട്ട് ദിശതെറ്റി ഓടി. ഈ ബോട്ടിനായി തെരച്ചിൽ നടത്താൻ പോയ എസ് 51 യാത്രാബോട്ടിനും ദിശതെറ്റി. ഒടുവിൽ ജലഗതാഗത വകുപ്പിന്റെതന്നെ റെസ്ക്യൂ ബോട്ട് തിരച്ചിൽ നടത്തി ദിശതെറ്റിയ രണ്ടുബോട്ടും കണ്ടെത്തി. ഇതിനിടെ എസ് 52 ബോട്ടിന്റെ എൻജിൻ തകരാറിലുമായി.
ഞായർ രാത്രിയാണ് സംഭവം. കുമരകത്ത് നിന്നും എട്ടിന് മുഹമ്മയിലേയ്ക്ക് വന്ന എസ് 52 ആണ് ആദ്യം അപകടത്തിൽപെട്ടത്. ജെട്ടിയിൽനിന്ന് 20 മിനിറ്റ് ഓടിയപ്പോൾ ശക്തമായ കാറ്റും മഴയും കാരണം ദിശ അറിയാതെ ബോട്ട് നീങ്ങി. 8.40ന് മുഹമ്മ ജെട്ടിയിൽ എത്തേണ്ട സമയം കഴിഞ്ഞതോടെയാണ് ബോട്ട് അപകടത്തിൽപെട്ടത് അറിഞ്ഞത്. തുടർന്ന് എസ് 51 ബോട്ട് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇരു ബോട്ടും ദിശ തെറ്റി എന്നറിഞ്ഞ് മുഹമ്മ സ്റ്റേഷൻമാസ്റ്റർ ഷാനവാസ്ഖാന്റെ നേതൃത്വത്തിൽ റെസ്ക്യൂ ബോട്ട് തിരച്ചിൽ നടത്തി മണിക്കൂറുകൾക്ക് ശേഷം കുമരകം ലേക് റിസോർട്ടിന് സമീപം കണ്ടെത്തുകയായിരുന്നു.
ഇതിനിടെ എസ് 52 ബോട്ടിന്റെ എൻജിൻ തകരാറായതോടെ അത് കെട്ടിവലിച്ച് രാത്രി 12 ഓടെ മുഹമ്മ ജെട്ടിയിലെത്തിച്ചു. ബോട്ടിൽ ജീവനക്കാർ ഉൾപ്പെടെ 9 പേർ ഉണ്ടായിരുന്നു. യാത്രക്കാരെ റെസ്ക്യൂ ബോട്ടിലാണ് സുരക്ഷിതമായി മുഹമ്മയിൽ എത്തിച്ചത്. എസ് 52 ബോട്ട് ഡീസൽ തകരാർ പരിഹരിക്കുന്നതിനായി ആലപ്പുഴ ഡോക്കിലേയ്ക്ക് മാറ്റിയതിനാൽ തിങ്കളാഴ്ച ഒരു ബോട്ടാണ് സർവീസ് നടത്തിയത്.









0 comments