കടലാക്രമണം രൂക്ഷം
റോഡിൽ മണൽനിരന്ന് വെള്ളക്കെട്ടും ഗതാഗതകുരുക്കും

ഹരിപ്പാട്
തീരദേശ ജനതയെ ദുരിതത്തിലാക്കി കടലാക്രമണവും കാലവർഷ കെടുതികളും. ശനി പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനും മൂത്തേരിക്കുമിടയിൽ 15 വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞുവീണു. രാത്രി മുടങ്ങിയ വൈദ്യുതി ശനി വൈകിയും പുനസ്ഥാപിക്കാനായില്ല. രാത്രി മുതൽ ഗതാഗതം മുടങ്ങി. ചെറുവാഹനങ്ങൾ മുത്തേരി ക്ഷേത്രം റോഡുവഴി ഭാഗികമായി തിരിച്ചുവിട്ടെങ്കിലും കായലോര റോഡിലേക്ക് ബന്ധിപ്പിക്കുന്ന ചെറിയപാലത്തിലൂടെ ചെറു വാഹനങ്ങൾക്ക് പോലും കടന്നുപോകാനാവാത്ത അവസ്ഥയിൽ കടുത്ത യാത്രാ ദുരിതമാണ്. രാവിലെ മുതൽ മഴ ശക്തമായതോടെ തീരദേശ ജീവിതം വഴിമുട്ടി. ശക്തമായതിരയിൽ റോഡ് മുഴുവൻ മണൽ നിറഞ്ഞു. ജലജീവൻ മിഷൻ റോഡരുകിൽ ഇറക്കിയ കാസ്റ്റയൺ പൈപ്പുകൾ തിരയടിയുടെ ശക്തിയിൽ പരക്കെ റോഡിൽ നിരന്നു. മംഗലം, കുറിച്ചിക്കൽ ഭാഗത്ത് കടൽ വെള്ളം ഒഴുകി പോകാനാവാതെ റോഡിനു പടിഞ്ഞാറ് കെട്ടിക്കിടക്കുകയാണ്. തീരദേശ റോഡ് ഉയർന്നതോടെ കടൽവെള്ളം ഒഴുകി പോകാനാകുന്നില്ല. വീട്ടുപരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. കടൽ ഭിത്തി പേരിനു പോലുമില്ലാത്ത മംഗലം, പത്തിശ്ശേരി ഭാഗങ്ങളിൽ കടൽക്ഷോഭത്തിൽ വലിയ ദുരിതങ്ങളാണ്. തീരാദുരിതം പതിവായതോടെ മംഗലത്ത് നാട്ടുകാർ വല റോഡിനുകുറുകെ കെട്ടി തീരദേശറോഡിൽ ഗതാഗതം തടഞ്ഞു. പ്രശ്നപരിഹാരത്തിന് റവന്യു അധികൃതരോ, പൊലീസോ പഞ്ചായത്തോ ഇടപെടുന്നില്ല. ജോലിക്കും മറ്റും പുറത്തുപോയവർ വീടുകളിലെത്താൻ ക്ലേശിക്കുകയാണ്. ചെറു റോഡുകളിൽ കനത്ത ഗതാഗതകുരുക്കാണ്. വലിയഴീക്കൽ പാലംവഴി ഗതാഗതമാരംഭിച്ചതോടെ ചരക്കുലോറികളടക്കം തീരദേശ റോഡിലൂടെയാണ് തോട്ടപ്പള്ളിയിലെത്തിയിരുന്നത്. ആറാട്ടുപുഴയിൽ ഗതാഗതം മുടങ്ങിയതറിയാതെ ചരക്ക് വാഹനങ്ങൾ കടന്നുവരുന്നത് ഒഴിവാക്കാൻ ഇടപെടാത്തതും കുരുക്ക് രൂക്ഷമാക്കി.







0 comments