മനക്കരുത്തിന്റെ പാഠം പകർന്ന് സെഹറിന്റെ സഞ്ചാരം..

മാനസികാരോഗ്യ സന്ദേശവുമായി രാജ്യം ചുറ്റുന്ന ബൈക്ക് യാത്രിക സെഹർ ഹാഷ്മി ആലപ്പുഴ മുഹമ്മദൻ ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾക്കൊപ്പം സെൽഫി എടുക്കുന്നു

സ്വന്തം ലേഖകൻ
Published on Sep 17, 2026, 02:00 AM | 1 min read
ആലപ്പുഴ
ഇരുണ്ടകാലത്തിന്റെ അതിജീവന വെളിച്ചം മറ്റുള്ളവരിലേക്കും പകരുകയാണ് സെഹർ. ഒരിക്കൽ മനസ്സിനെ തളർത്തിയ രോഗത്തോട് പൊരുതി നേടിയ ഉൾക്കരുത്തും പ്രത്യാശയും സന്ദേശമാക്കിയാണ് ആ യാത്ര. ഓരോ കൂടിക്കാഴ്ചയിലും പുതിയ പ്രതീക്ഷകൾ പകർന്ന് മുന്നോട്ട്. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിനെ (ബിപിഡി) ഇച്ഛാശക്തികൊണ്ട് അതിജീവിച്ച സെഹർ ഹാഷ്മിയുടെ ബൈക്ക് പര്യടനം ‘ബിയോണ്ട് ദി ഹൊറൈസൺ – എ റൈഡ് ഫോർ റെസിലിയൻസി’ന് ജില്ലയിൽ സ്വീകരണം നൽകി. മാനസികാരോഗ്യത്തെക്കുറിച്ച് ഏറ്റവുമധികം ക്ലാസുകളെടുത്തതിന് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ വ്യക്തിയാണ് സെഹർ. സുഹൃത്തുക്കളായ ഷമീറ അഷ്റഫ്, ഭരത് ഖാൻ, പ്രീതി പ്രഭ, സണ്ണി ലോച്ചാവ് എന്നിവരും യാത്രയിൽ ഒപ്പമുണ്ട് . സ്ത്രീവിദ്യാഭ്യാസ കാമ്പയിൻ പെർച്ചിന്റെ ആഭിമുഖ്യത്തിലാണ് യാത്ര. സംസ്ഥാനത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് സ്വീകരണം ഒരുക്കുന്നത്. യുവാക്കളുടെ മാനസികാരോഗ്യവും സമൂഹത്തിന്റെ മനോഭാവവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സ്കൂളുകളിലും കോളേജുകളിലും സ്ഥാപനങ്ങളിലും മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യും. ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് സ്‌കൂളിലും വിദ്യാർഥികളുമായി സംവദിച്ചു. ആഗസ്‌ത് 20ന് ന്യൂഡൽഹിയിൽ നടി ഷർമിള ടാഗോറാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. 10 സംസ്ഥാനങ്ങളിൽ ഇതുവരെ സംഘം എത്തി. വിവിധ കേന്ദ്രങ്ങളിൽ ചേർത്തല നഗരസഭ ചെയർപേഴ്‌സൺ എസ് സോബിൻ, വൈസ് ചെയർപേഴ്‌സൺ വത്സലകുമാരി, പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ പൊന്നമ്മ, വി എൻ ജയകുമാർ, എൻ കെ ബാലകൃഷ്‌ണൻ, എം ദിവാകരൻ, ഹരികുമാർ, ജയന്തി, മഞ്ചു എന്നിവർ സംസാരിച്ചു.










0 comments