സിപിഐ എം പ്രവർത്തകരുടെ വീട് ആക്രമിച്ചു
എസ്ഡിപിഐക്കാരുടെ കല്ലേറിൽ യുവതിയുടെ കണ്ണിന് പരിക്ക്

എസ്ഡിപിഐ ക്രിമിനലുകളുടെ കല്ലേറിൽ പരിക്കേറ്റ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ബീമ സനീഷിന്റെ മകൾ ആമിന ചികിത്സയിൽ
അമ്പലപ്പുഴ
എസ്ഡിപിഐ പ്രവർത്തകർ സിപിഐ എം പ്രവർത്തകരുടെ വീട് ആക്രമിച്ചു. യുവതിയുടെ കണ്ണിനും കൈയ്‌ക്കും ഗുരുതര പരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ബീമ സനീഷിന്റെ മകൾ ആമിനയുടെ വലതുകണ്ണിനാണ് പരിക്കേറ്റത്. സംഘടിച്ചെത്തിയ എസ്‌ഡിപിഐക്കാർ വിജയി ഷെമീർ ഉൾപ്പെട്ട 30 പ്രവർത്തകർ ബീമയുടെ വീട്ടിലേക്ക് പടക്കമെറിഞ്ഞു. വീടിന് മുന്നിൽ നിന്ന ഇവരുടെ മകൾ ആമിന (21), ഭർതൃ പിതാവിന്റെ ഉമ്മ ഷെരീഫ ബീവി (81)എന്നിവർ ഭയന്ന് വീടിനുള്ളിൽ കയറി. സ്ഥലത്തെത്തിയ സിപിഐ എം വണ്ടാനം ലോക്കൽ കമ്മിറ്റിയംഗം സനീഷ് വിഷയം ചോദ്യംചെയ്തതോടെ എസ്ഡിപിഐക്കാർ സനീഷിനെയും ആക്രമിക്കുകയും പിന്നീട് വീടിനുനേർക്ക് കല്ലെറിയുകയുമായിരുന്നു. കല്ലേറിൽ വലതുകണ്ണിന് പരിക്കേറ്റ ആമിനയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനീഷിന്റെ സമീപവാസിയും സിപിഐ എം വണ്ടാനം ലോക്കൽ സെക്രട്ടറിയുമായ ബി അൻസാരിയുടെയും പാർട്ടി അനുഭാവി സിജുവിന്റെയും വീടിനുനേർക്കായിരുന്നു പിന്നീട് ആക്രമണം. പടക്കമെറിഞ്ഞും കല്ലുകൾ എറിഞ്ഞും സംഘം കൊലവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് അക്രമികൾ പിന്തിരിഞ്ഞത്. എസ്ഡിപിഐ സ്ഥനാർഥിയായി മത്സരിച്ച് വിജയിച്ച ഷെമീറിന്റെ നേതൃത്വത്തിൽ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയായിരുന്നു ആക്രമണം. ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎ എം ഏരിയ സെക്രട്ടറി സി ഷാംജി ആവശ്യപ്പെട്ടു.









0 comments