സമരം 40 ദിവസം പിന്നിട്ടു
ഉയരപ്പാതയ്‌ക്കായി സത്യഗ്രഹം; റീജണൽ ഓഫീസർ സ്ഥലം സന്ദർശിക്കും

ദേശീയപാതയോരത്ത് ചേർത്തല റെയിൽവേ സ്‌റ്റേഷന് സമീപം അനിശ്‌ചിതകാല സത്യഗ്രഹത്തിൽ ഹരിതകർമസേന അണിചേർന്നപ്പോൾ
സ്വന്തം ലേഖകൻ
ചേർത്തല
ചേർത്തല റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാത ആവശ്യപ്പെട്ട് നഗരസഭ നേതൃത്വത്തിലെ ജനകീയ സമരസമിതിയുടെ അനിശ്‌ചിതകാല സത്യഗ്രഹം 40 ദിവസം പിന്നിട്ടു. റെയിൽവേ സ്‌റ്റേഷന് സമീപം ദേശീയപാതയോരത്താണ് സത്യഗ്രഹം. സമരം പുരോഗമിക്കുന്നതിനിടെ പി പ്രസാദ് എംഎൽഎയും നഗരസഭാധ്യക്ഷൻ എസ് സോബിനും കേന്ദ്രമന്ത്രിയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ച സാഹചര്യത്തിൽ ദേശീയപാത അതോറിട്ടി തിരുവനന്തപുരം റീജണൽ ഓഫീസറും പ്രോജക്‌ട് ഓഫീസറും സ്ഥലം സന്ദർശിക്കും. ദേശീയപാതയോട് അഭിമുഖമായ റെയിൽവേ സ്‌റ്റേഷനിലേക്ക് യാത്ര ദുഷ്‌കരമാക്കുന്ന രീതിയിലെ നിർമാണം പുനപരിശോധിക്കണമെന്നാണ് മുഖ്യ ആവശ്യം. നഗരവികസനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് നിലവിലെ നിർമാണം. റെയിൽവേ സ്‌റ്റേഷന് മുന്നിൽ നഗരസഭ സ്ഥാപിക്കുന്ന മൊബിലിറ്റി ഹബ് പദ്ധതി അസാധ്യമാകുമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. ചേർത്തല പൊലീസ് സ്‌റ്റേഷൻ പരിസരം, എക്‌സ്‌റേ കവല എന്നിവിടങ്ങളിൽ നഗരത്തിലേക്ക് പ്രവേശിക്കാൻ റാംപ് സൗകര്യം വേണമെന്ന ആവശ്യവും ഉണ്ട്. ജനപിന്തുണയേറി.. 40 ദിവസമായി മുടങ്ങാതെ തുടരുന്ന സത്യഗ്രഹത്തിൽ നാനാതുറകളിൽപ്പെട്ടവരാണ് നിത്യേന അണിചേരുന്നത്. ഡോക്‌ടർമാരും മുതിർന്ന പൗരൻമാരും ഉൾപ്പെടെ സമരത്തിൽ പങ്കെടുത്തു. കഴിഞ്ഞദിവസം നഗരത്തിലെ ഹരിതകർമസേന സത്യഗ്രഹത്തിൽ പങ്കെടുത്തു. നഗരസഭ ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി ഉദ്‌ഘാടനംചെയ്‌തു. സിന്ധു അജികുമാർ, മായ, അന്പിളി, ശോഭ, സിനിമോൾ എന്നിവർ സംസാരിച്ചു. സിഎസ്‌ഐ സഭ കളവങ്കോടം പള്ളി കഴിഞ്ഞദിവസം സമരത്തിന് ഐക്യദാർഢ്യവുമായി എത്തി. വികാരി ഫാ. ക്രിസ്‌റ്റി ഡേവിഡ് ഡാനിയേൽ ഉദ്‌ഘാടനംചെയ്‌തു. എ ജെ അനിൽകുമാർ അധ്യക്ഷനായി. എസ് ജെയിംസ്, റിസിന, ഏലിയാമ്മ, ആശാലത, ഏലിക്കുട്ടി എന്നിവർ സംസാരിച്ചു. ബുധനാഴ്‌ച കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ താലൂക്ക് കമ്മിറ്റി സമരത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ എൻ ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു. പി എം പ്രമോദ്, പി ജി നിഷ്‌കളൻ, കെ ആർ വിജയൻ, കെ പാപ്പച്ചൻ എന്നിവർ സംസാരിച്ചു.










0 comments