print edition സർക്കാർ വീട് കൈമാറുന്നില്ല: മുണ്ടക്കൈ ഉരുൾ അതിജീവിതരുടെ സമരം ഇന്ന്

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾ അതിജീവിതർക്കായി എൽഡിഎഫ് സർക്കാർ സമ്മാനിച്ച ടൗൺഷിപ്പിൽ രണ്ടാംഘട്ടമായി നൽകാനുള്ള വീടുകൾ മാറിവന്ന യുഡിഎഫ് സർക്കാർ കൈമാറാത്തതിൽ ദുരന്തബാധിതർ വ്യാഴാഴ്‌ച ടൗൺഷിപ്പിൽ പ്രതിഷേധിക്കും. വിവിധ സ്ഥലങ്ങളിൽ വാടക വീടുകളിൽ കഴിയുന്നവരും ടൗൺഷിപ്പിൽ താമസം ആരംഭിച്ചവരും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ളവരും സമരത്തിനെത്തും. രാവിലെ പത്തിന് ഒന്നാംസോൺ കേന്ദ്രീകരിച്ചാണ് സമരം ആരംഭിക്കുക. തുടർന്ന് പണിപൂർത്തിയാകാത്ത വീടുകൾ സന്ദർശിക്കും.
മന്ത്രി ടി സിദ്ദിഖിനെ കൺവീനറാക്കി യുഡിഎഫ് സർക്കാർ ടൗൺഷിപ്പിനായി പുതിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചപ്പോൾ സെപ്‌തംബറിൽ മുഴുവൻ കുടുംബങ്ങൾക്കുമുള്ള വീട് കൈമാറുമെന്നായിരുന്നു വാഗ്‌ദാനം. വീട് നിശ്ചയിച്ച് നൽകാനുള്ള നറുക്കെടുപ്പുപോലും നടത്താൻ പിന്നീട് സർക്കാർ തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാർ ഏറ്റെടുത്ത ദുരന്തബാധിതരുടെ ബാങ്ക് വായ്‌പകളുടെ ബാധ്യത ഗുണഭോക്തൃ കുടുംബങ്ങളുടെ പേരിൽനിന്ന് ഇനിയും നീക്കാത്തതിലും പ്രതിഷേധം ഉയരും. ബാങ്കുകൾക്ക് നൽകാനുള്ള തുക എൽഡിഎഫ് സർക്കാർ കലക്ടറുടെ അക്കൗണ്ടിലേക്ക് നൽകിയിരുന്നു-.









0 comments