ad
Deshabhimani

print edition മോർഫിങ് കേസ്‌: പ്രതികളുടെ ബാങ്ക്‌ അക്ക‍ൗണ്ടുകൾ മരവിപ്പിച്ചു; സാമ്പത്തിക ഇടപാടുകളിലേക്ക്‌ അന്വേഷണം

Bharat Mata College Thrikkakara Morphing Sreehari
വെബ് ഡെസ്ക്

Published on Sep 10, 2026, 02:05 AM | 1 min read

കൊച്ചി: വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങളും വീഡിയോകളും പകർത്തി മോർഫ്‌ ചെയ്‌ത്‌ അശ്ലീല വീഡിയോ നിർമിച്ച കേസിൽ അന്വേഷണം സാന്പത്തിക ഇടപാടുകളിലേക്ക്‌. പ്രതികളുടെ ബാങ്ക്‌ അക്ക‍ൗണ്ടുകൾ അന്വേഷകസംഘം മരവിപ്പിച്ചു. അക്ക‍ൗണ്ടുകൾവഴി പണം കൈമാറ്റം ചെയ്‌തത്‌ ഉൾപ്പെടെയുള്ള വിവരങ്ങൾ ബാങ്കുകളോട്‌ തേടി.


തൃക്കാക്കര ഭാരതമാത കോളേജിലെ കെഎസ്‌യു നേതാവ്‌ എസ്‌ ശ്രീഹരി, മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ വിദ്യാർഥി സനീഷ്‌ എന്നിവരുടെ അക്ക‍ൗണ്ടുകളാണ്‌ മരവിപ്പിച്ചത്‌. ഇതിനായി പ്രത്യേക അന്വേഷകസംഘം ബാങ്കുകൾക്ക്‌ കത്ത്‌ നൽകിയിരുന്നു. അശ്ലീല വീഡിയോ നിർമിച്ച്‌ വിറ്റ്‌ ഇവർ പണം സന്പാദിച്ചതായി കണ്ടെത്തിയിരുന്നു. ശ്രീഹരി ഉൾപ്പെടെയുള്ള സംഘം മോർഫ്‌ ചെയ്‌ത ദൃശ്യങ്ങൾ മല്ലുപ്രീമിയം പെയ്‌ഡ്‌ ഗ്രൂപ്പ്‌ വഴി സനീഷാണ്‌ വിറ്റിരുന്നത്‌. ഗ്രൂപ്പിൽ പണമടച്ച്‌ അംഗത്വം നേടിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്‌.


ഇതിനിടെ, ദൃശ്യങ്ങൾ വിൽക്കാൻ തയ്യാറാക്കിയ മല്ലുപ്രീമിയം എന്ന പേരിലുണ്ടായിരുന്ന ഗ്രൂപ്പ്‌ ഉൾപ്പെടെ അപ്രത്യക്ഷമായി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌ പൊലീസ്‌. ഇതിനായി ടെലിഗ്രാം അധികൃതർക്ക്‌ കത്ത്‌ നൽകി. കുട്ടികളുടെ അശ്ലീല ഉള്ളടക്കം അടങ്ങിയ വീഡിയോയും പരിശോധനയിൽ ലഭിച്ചതോടെയാണ്‌ പ്രതികൾക്ക്‌ എതിരെ പോക്‌സോ ചുമത്തിയത്‌. സനീഷിനെ ഉടൻ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. പ്രതികളിൽനിന്ന്‌ പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവ സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചുവരികയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.


മോർഫിങ്‌ കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു


വിദ്യാർഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ പകർത്തി മോർഫ്‌ചെയ്‌ത്‌ അശ്ലീലവീഡിയോ നിർമിച്ച കേസിൽ സമാന സംഭവങ്ങളുടെ വിവരം ശേഖരിക്കുന്നു. മലപ്പുറം ജില്ലയിലടക്കം സമാനസംഭവത്തിൽ അറസ്‌റ്റുണ്ടായി. ഇത്തരം കേസുകളുടെ വിവരങ്ങളാണ്‌ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘം ശേഖരിക്കുന്നത്‌. വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്‌ത്‌ അശ്ലീലവീഡിയോ നിർമിക്കുന്ന വൻറാക്കറ്റ്‌ സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്നതായി തുടക്കത്തിൽത്തന്നെ വിവരം ലഭിച്ചിരുന്നു.


തൃക്കാക്കര കേസിനുപിന്നാലെ വിവിധ ജില്ലകളിൽ പരിശോധനയും നടത്തി. എന്നാൽ, റാക്കറ്റിനെ നിയന്ത്രിച്ചവരെ കണ്ടെത്താനോ പിടികൂടാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണികൾമാത്രമാണ്‌ അറസ്‌റ്റിലായത്‌. വിദേശത്തുള്ളവരടക്കം റാക്കറ്റിനെ നിയന്ത്രിച്ചിരുന്നതായി വിവരമുണ്ട്‌. ഇത്‌ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ സമാനകേസുകളുടെ വിശദാംശങ്ങൾ എടുക്കുന്നത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home