print edition ഫിറ്റ്‌നസ് നിഷേധിച്ചതിൽ ഓട്ടോ ഡ്രൈവറുടെ മരണം; മോട്ടോർ വാഹന വകുപ്പിന് വീഴ്‌ചയെന്ന് റിപ്പോർട്ട്

മലപ്പുറം: ഫിറ്റ്‌നസ് നിഷേധിച്ചതിന്റെ വിഷമത്തിൽ ഓട്ടോ ഡ്രൈവർ ആത്മഹത്യചെയ്‌തതിൽ മോട്ടോർ വാഹന വകുപ്പിന് വീഴ്‌ചയെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. എന്നാൽ മോട്ടോർ വാഹന വകുപ്പിലെ വീഴ്ചകൊണ്ടുമാത്രമല്ല സംഭവമെന്നും ഗതാഗത മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമത്തിൽ കുറിപ്പിട്ടശേഷമായിരുന്നു ഓട്ടോറിക്ഷ ഡ്രൈവർ മലപ്പുറം കിഴിശേരി മുണ്ടംപറമ്പ് കൊറ്റംപറമ്പിൽ വീട്ടിൽ ഷൗക്കത്തലി ആത്മഹത്യചെയ്‌തത്.
1989ലെ കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ ചട്ടം 110 പ്രകാരം ആവശ്യമായ സിഎഫ്ആർആർ ഫോമിൽ അപേക്ഷ നിരസിച്ചതിന്റെ വിവരം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രേഖപ്പെടുത്തി നൽകിയിട്ടില്ലെന്നാണ് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ടിലുള്ളത്. സംഭവത്തിൽ അരീക്കോട് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഷൗക്കത്തലിയുടെ കെഎൽ 84 -6193 രജിസ്റ്റർ നമ്പറിലുള്ള ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പരിശോധന 2025 നവംബർ 13ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ എൻ പ്രേംകുമാർ നടത്തിയിട്ടുണ്ട്. വാഹനത്തിലെ മോഡിഫിക്കേഷൻ മാറ്റി വീണ്ടും വാഹനം ഹാജരാക്കാൻ ഉദ്യോഗസ്ഥൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് രേഖാമൂലം നൽകിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് ഗുരുതരമായ പിഴവാണ്. ഉദ്യോഗസ്ഥന്റെ വിശദീകരണം പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം എഎംവിഐക്ക് കൈക്കൂലി നൽകാത്തതിനാലും ഏജന്റ് മുഖേന സമീപിക്കാത്തതിനാലുമാണ് ഫിറ്റ്നസ് നിഷേധിച്ചതെന്ന ഷൗക്കത്തലിയുടെ ആരോപണം റിപ്പോർട്ടിൽ നിഷേധിച്ചിട്ടുണ്ട്.









0 comments