ഒഴിവുനികത്തുന്നില്ല, അമിത ജോലിഭാരം
നഗരസഭാ ഓഫീസിലേക്ക് ശുചീകരണ തൊഴിലാളികളുടെ മാർച്ച്

ആലപ്പി മുനിസിപ്പൽ ലേബർ യൂണിയൻ സിഐടിയു നേതൃത്വത്തിൽ നഗരസഭാ മന്ദിരത്തിന് മുന്നിലേക്ക് നടന്ന പ്രതിഷേധ മാർച്ചും ധർണയും സിപിഐ എം ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ആലപ്പുഴ നഗരസഭയുടെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ശുചീകരണ തൊഴിലാളി പ്രതിഷേധം വീണ്ടും. ആലപ്പി മുനിസിപ്പൽ ലേബർ യൂണിയൻ സിഐടിയു നേതൃത്വത്തിൽ നഗരസഭാ മന്ദിരത്തിന് മുന്നിലേക്കാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ജോലിഭാരം കണക്കിലെടുക്കാതെയും ഒഴിവുകൾ നികത്താതെയും ശുചീകരണ തൊഴിലാളികളെ കഠിനമായി ജോലിചെയ്യിക്കുകയാണ് നഗരസഭ. ഇത് തൊഴിലാളികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഒഴിവുള്ള തസ്‌തികയിലേക്ക് നിയമനം നടത്തണമെന്നും തൊഴിലാളികളുടെ ജോലിഭാരം കുറയ്‌ക്കാനും ആരോഗ്യം സംരക്ഷിക്കാനും നടപടി സ്വീകരിക്കണമെന്നും തൊഴിലാളികളുടെ യാത്രാസൗകര്യംകൂടി കണക്കിലെടുക്കാതെ ഏകപക്ഷീയമായി സർക്കിളുകൾ മാറ്റിയത് പുന:പരിശോധിക്കണമെന്നും യൂണിയൻ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരുനടപടിയുമുണ്ടായില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമാനുസരണം തെരഞ്ഞെടുത്ത 42 തൊഴിലാളികൾ തൊഴിലില്ലാതെ പുറത്തുനിൽക്കുകയാണ്. ഒഴിവുകളിലേക്ക് നിയമാനുസരണം തൊഴിലാളികളെ നിയമിച്ച് കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്. സമരം സിപിഐ എം ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ് ഡി ലക്ഷ്‌മണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ എസ് റോബർട്ട്, കെ ജെ പ്രവീൺ, വി ജി വിഷ്‌ണു, പി പി പവനൻ, ഡി വിൻസന്റ്, തങ്കച്ചി ദിവാകരൻ, എം ആർ രഞ്‌ജിത്ത്, എസ് ശിവകുട്ടൻ എന്നിവർ സംസാരിച്ചു.










0 comments