ഓണം ഫെയർ 26ന് തുടങ്ങും
സബ്‌സിഡി സാധനങ്ങൾ വിൽപ്പന തുടങ്ങി

ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപത്തെ സപ്ലൈകോയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർ
സ്വന്തം ലേഖകൻ
ആലപ്പുഴ
ഓണത്തിന് ന്യായവിലയ്‌ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ വിപണിയിൽ ഫലപ്രദമായ ഇടപെടലുമായി ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ്. മാവേലി സ്റ്റോറുകൾ, മൊബൈൽ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ എന്നിവ മുഖാന്തരം സബ്‌സിഡി സാധനങ്ങളുടെ വിൽപ്പന തുടങ്ങി. എല്ലാ സ്റ്റോറുകളിലും മാർക്കറ്റിലും വൻ തിരക്കാണ്. നിലവിൽ 13 അവശ്യസാധനത്തിനാണ് സബ്‌സിഡി നൽകുന്നത്. സാധനങ്ങളുടെ പരമാവധി ലഭ്യത എല്ലാ സ്റ്റോറുകളിലും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉൽപ്പന്നത്തിന് പ്രത്യേക ഓഫറുകളോ 10 മുതൽ 50 ശതമാനംവരെ വിലക്കുറവുമുണ്ട്. ഡിറ്റർജന്റുകൾ, ബ്രാൻഡഡ് ഭക്ഷ്യ ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്കും വലിയ ഓഫറുകളാണ്. ജില്ലയിൽ ഓണം ഫെയർ 26ന് തുടങ്ങും. നിയോജക മണ്ഡല അടിസ്ഥാനത്തിലും ഫെയർ ആരംഭിക്കും. സെപ്തംബർ നാലുവരെയാണ് ഫെയർ. ആലപ്പുഴ, എറണാകുളം ജില്ലകളിലായി നിലവിൽ സഞ്ചരിക്കുന്ന നാല് മാവേലി സ്‌റ്റോർകൂടാതെ കൂടുതൽ വാഹനം സജ്ജീകരിക്കും. ഉപഭോക്താക്കൾക്കായി സ്‌പെഷ്യൽ കിറ്റുകളും രംഗത്തിറക്കി. 18 ഇനം അടങ്ങിയ 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് 1000 രൂപയ്‌ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനികിറ്റ് 500 രൂപയ്‌ക്കും, ഒമ്പത് ഇനത്തിന്റെ 305 രൂപ വിലയുള്ള സിഗ്നേച്ചർ കിറ്റ് 229 രൂപയ്‌ക്കും നൽകും. 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും തയാറാക്കിയിട്ടുണ്ട്. ഓണക്കാലത്ത് 2500 രൂപയിലധികം സബ്‌സിഡിയിതര സാധനം വാങ്ങുന്നവർക്കായി ലക്കി ഡ്രോ നടത്തും. ഒരു പവൻ സ്വർണനാണയമടക്കമാണ് സമ്മാനം. ദിവസേനയാണ് നറുക്കെടുപ്പ്. എഎവൈ കാർഡുകാർക്കുള്ള സൗജന്യമുൾപ്പെടെ എല്ലാ കിറ്റുകളുടെ പാക്കിങ് ഡിപ്പോകളിലും സ്‌റ്റോറുകളിലും ആരംഭിച്ചിട്ടുണ്ട്.








0 comments