469 കുടുംബം, 506 സ്‌ത്രീകൾ സാഫ് ഉറപ്പാക്കി
സേഫായ ജോലിയും വരുമാനവും

ആലപ്പുഴ
ഫിഷറീസ്‌വകുപ്പിന്റെ സാഫ് (സൊസൈറ്റി ഫോർ അസിസ്‌റ്റൻസ് ടു ഫിഷർ വിമൻ) പദ്ധതി തണലായത് ജില്ലയിലെ 469 കുടുംബത്തിന്. സാഫിന് കീഴിലെ തീരമൈത്രി പദ്ധതിയിലൂടെ 221 യൂണിറ്റിലായി ജോലിയും സ്ഥിരവരുമാനവും നേടിയത് 506 സ്‌ത്രീകൾ. രണ്ടുമുതൽ അഞ്ചുവരെ പേരടങ്ങുന്ന മത്സ്യത്തൊഴിലാളി വനിതകളുടെ സംഘമായാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഫുഡ് ആൻഡ് പ്രോസസിങ്, ടൈലറിങ് ആൻഡ് ഗാർമെന്റ്സ്, മത്സ്യസംസ്‌കരണം, സൂപ്പർമാർക്കറ്റ് ആൻഡ് റീടെയിൽസ് തുടങ്ങിയവയാണ് മേഖലകൾ. 15 തീരമൈത്രി മാനേജ്മെന്റ് കൗൺസിലുകളിലായാണ് തീരമൈത്രി യൂണിറ്റിന്റെ പ്രവർത്തനം. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ സൗത്ത്, നോർത്ത്, പുന്നപ്ര സൗത്ത്, നോർത്ത്, ആലപ്പുഴ മുനിസിപ്പാലിറ്റി, മാരാരിക്കുളം സൗത്ത്, നോർത്ത്, ചേർത്തല സൗത്ത്, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്. എന്നിവയാണ് ജില്ലയിലെ തീരമൈത്രി മാനേജ്മെന്റ് കൗൺസിലുകൾ. യൂണിറ്റിലെ ഓരോ അംഗത്തിനും ഒരുലക്ഷം രൂപ വീതം ഗ്രാൻഡ് അനുവദിക്കും. പദ്ധതിത്തുകയുടെ 75 ശതമാനം സാഫിൽനിന്ന് ഗ്രാൻഡ് ആയി നൽകും. ബാക്കി അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവും 20 ശതമാനം ബാങ്ക് വായ്‌പയുമായിരിക്കും. സംരംഭത്തിനാവശ്യമായ തുടർസഹായങ്ങളും ലഭിക്കും. ഒരുലക്ഷം രൂപ വരെ പലിശരഹിത വായ്‌പയായും പുതിയ ഉപകരണങ്ങൾ വാങ്ങാൻ 50,000 രൂപ വരെയും ലഭിക്കും. കഴിഞ്ഞ എന്റെ കേരളം പ്രദർശനമേളയിൽ സാഫിന്റെ സ്‌റ്റാളിന് ലഭിച്ചത് 1,71,000 രൂപ വിറ്റുവരവാണ്. ടെയ്‌ലറിങ് ആൻഡ് ഗാർമെന്റ്സ് വിഭാഗത്തിൽ 47 ഗ്രൂപ്പുകളും ഫിഷ് ആൻഡ് ഫിഷ് പ്രോസസിങ് വിഭാഗത്തിൽ 46 ഗ്രൂപ്പുകളും ഹോട്ടൽ ആൻഡ് കാറ്ററിങ് വിഭാഗത്തിൽ 60 ഗ്രൂപ്പും സർവീസസ് ആൻഡ് അദേഴ്‌സ് വിഭാഗത്തിൽ 25 ഗ്രൂപ്പും സൂപ്പർ മാർക്കറ്റ് ആൻഡ് റീട്ടെയിൽ വിഭാഗത്തിൽ 43 ഗ്രൂപ്പും പ്രവർത്തിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ സ്‌ത്രീകളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാഫിന്റെ പ്രവർത്തനങ്ങൾ. മത്സ്യത്തൊഴിലാളി സ്‌ത്രീകളുൾപ്പെടുന്ന ഗ്രൂപ്പിന് പ്രാദേശികമായ പ്രത്യേകതകൾക്കനുസരിച്ചും അഭിരുചിക്കനുസരിച്ചും സംരംഭം തുടങ്ങാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.










0 comments