പ്രതിയുമായി പൊലീസ് തെളിവെടുത്തു
മുളകുപൊടി വിതറി കവർച്ച: മാല പണയംവച്ച് പ്രതി രണ്ടരലക്ഷം കൈപ്പറ്റി

ആലപ്പുഴ
വാടക വീട് ആവശ്യപ്പെട്ടെത്തി വൃദ്ധദമ്പതിമാർക്ക് നേരെ മുളകുപൊടി വിതറി സ്വർണവും പണവും കവർന്ന കേസിൽ പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുത്തു. കവർന്ന മൂന്നരപവന്റെ മാല നഗരത്തിലെ സ്വകാര്യധനകാര്യ സ്ഥാപനത്തിൽ പണയംവച്ച് രണ്ടരലക്ഷം രൂപ അക്കൗണ്ടിലൂടെ പ്രതി കൈപ്പറ്റിയതായും പൊലീസ് കണ്ടെത്തി. പ്രതി കാസർകോട് ഹോസ്ദുർഗ് ഏച്ചിക്കാനം ആനന്ദാശ്രമം ചാമക്കുറ്റി ഹൗസിൽ രാജ് മോഹനെ(42) ചൊവ്വാ പകൽ 11.15ഓടെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കവർച്ച നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തത്. കൈതവന കണിയാംകുളം അപർണയിൽ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ ആർ സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരെ ആക്രമിച്ചാണ് രണ്ടു മാലയും വളയും മൂന്നു മോതിരവുമടക്കം 63.5 ഗ്രാം സ്വർണവും 5,000 രൂപയും കവർന്നത്. പ്രതിയെയും കവർന്ന സ്വർണാഭരണങ്ങളും രത്നകുമാരി തിരിച്ചറിഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പണയ സ്വർണം വീണ്ടെടുക്കുന്നതിനും വിശദമായ തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഡിവൈഎസ്‌പി ജി ബി മുകേഷ്, സിഐ വി എസ് വിനീഷ്, എസ്ഐ മുജീബ്, പൊലീസുകാരായ ശ്യാം, വിപിൻ ബഷീർ, അരുൺ, വി ജി ബിജു എന്നിവർ അന്വേഷക സംഘത്തിലുണ്ട്.










0 comments