കാലാവസ്ഥാ വ്യതിയാനം, തീരശോഷണം
നെല്ലറയുടെ ഉൽപ്പാദനക്ഷമത കുറയുന്നു

ഗോകുൽ ഗോപി
Published on Jun 24, 2026, 02:44 AM | 1 min read
ആലപ്പുഴ
കാലാവസ്ഥാ വ്യതിയാനവും തീരശോഷണവും കുട്ടനാട്ടിലെ നെൽക്കൃഷിയുടെ ഉൽപ്പാദനക്ഷമത കുറയ്‌ക്കുന്നതായി കൃഷിവകുപ്പ് പഠനം. താപനിലയിലും ഓരുവെള്ളത്തിന്റെ വരവിലുമുണ്ടായ വർധനയും നെല്ലറയെ ബുദ്ധിമുട്ടിക്കുന്നു. നേരത്തേ ഹെക്ടറിന് ശരാശരി അഞ്ചുടൺ നെല്ല് ലഭിച്ച പാടങ്ങളിൽ നിലവിൽ മൂന്ന് ടണായി ചുരുങ്ങി. 2000 മുതൽ അഞ്ചുടണ്ണായിരുന്നു ശരാശരി വിളവ്. 2019 മുതൽ കുറഞ്ഞ് തുടങ്ങി. 2021ൽ നാല്, 2022ൽ 4.2, 2023ൽ അഞ്ച്, 2024-ൽ 4.2, 2025ൽ 3.6 ടൺ വീതമാണ് ഹെക്ടറിന് ശരാശരി വിളവ് ലഭിച്ചത്. പൂവിടുന്ന സമയങ്ങളിൽ നെല്ലിന് 32 ഡിഗ്രി താപനിലയാണ് അനുയോജ്യം. എന്നാൽ നിലവിൽ ശരാശരി താപനില 34 ഡിഗ്രിക്ക് മുകളിലാണ്. ഇൗ വർധന 10 ശതമാനംവരെ വിളവ് കുറച്ചു. അരിമണിയുടെ തൂക്കത്തിൽ അഞ്ചുശതമാനംവരെ കുറഞ്ഞു. രാത്രി താപനില വ്യത്യാസമാണ് വിളവിനെ ഏറെ ബാധിക്കുന്നത്. ചൂട് വർധിക്കുന്നതിന് ആനുപാതികമായി ജലത്തിന്റെയും മൂലകങ്ങളുടെയും സംവഹനശേഷിയും കുറയും. പ്രകാശസംശ്ലേഷണശേഷിയും കുറഞ്ഞു. പുതിയ നെൽവിത്തുകൾക്ക് കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനാകുന്നില്ല. ജലസ്രോതസ്സുകളിൽ ലവണാംശം വർധിച്ചതും വേനൽക്കാലകൃഷിയെ ബാധിച്ചു. പാടങ്ങളിൽ അലുമിനിയത്തിന്റെ അളവ് 300 ശതമാനംവരെ അധികമായി. നെല്ലിന് ഏറ്റവും അത്യാവശ്യമായ ‘സിലിക്കൺ' കുറഞ്ഞു. മണ്ണിന്റെ പിഎച്ച് മൂല്യം 2.5വരെ താഴുന്നു. തീരശോഷണം കാരണമുണ്ടാകുന്ന തിരപ്രളയം (ടൈഡൽ ഫ്ലഡ്) പാടങ്ങളിൽ ഉപ്പുവെള്ളത്തിന്റെ വരവ് വർധിപ്പിതും പുഞ്ചക്കൃഷിയെ ബാധിച്ചതായി കൃഷി അധികൃതർ പറയുന്നു.










0 comments