സഖാവിന്‌ 
‘വീരവണക്കം’

പി കൃഷ്ണപിള്ള ദിനം

‘വീരവണക്കം' സിനിമയുടെ അണിയറപ്രവർത്തകർ പി കൃഷ്‌ണപിള്ള ദിനത്തിൽ മുഹമ്മ കണ്ണർകാട്ടെ 
സ്‌മാരകത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, വിപ്ലവ ഗായിക പി കെ മേദിനി എന്നിവരുടെ 
നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 20, 2025, 01:52 AM | 1 min read

കഞ്ഞിക്കുഴി

പി കൃഷ്‌ണപിള്ളയുടെ സ്‌മാരകത്തിലെത്തി അഭിവാദ്യമർപ്പിച്ച്‌ "വീരവണക്കം' സിനിമയുടെ അണിയറപ്രവർത്തകർ. കൃഷ്‌ണപിള്ളയുടെ ജീവിതത്തെ ആസ്‌പദമാക്കി അനിൽ വി നാഗേന്ദ്രൻ അണിയിച്ചൊരുക്കിയ ‘വീരവണക്കം' സിനിമയുടെ അണിയറ പ്രവർത്തകരാണ്‌ പി കൃഷ്‌ണപിള്ള ദിനത്തിൽ കണ്ണർകാട്ടെ സ്‌മാരകത്തിലെത്തി പുഷ്‌പാർച്ചന നടത്തിയത്‌. തുടർന്ന് നടന്ന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി ബി സലിം അധ്യക്ഷനായി. സംവിധായകൻ അനിൽ വി നാഗേന്ദ്രൻ, ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിപ്ലവഗായിക പി കെ മേദിനി, ഗായകൻ സി ജെ കുട്ടപ്പൻ, അഭിനേതാക്കളായ എ റിതേഷ്, അരിസ്റ്റോ സുരേഷ്, കോബ്രാ രാജേഷ്, ആദർശ്, ഐശ്വിക മേനോൻ, ഗായകൻ ആർ കെ രാംദാസ്, ജെയിംസ് വസന്തൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് "സഖാവിന് വീരവണക്കം' എന്ന പേരിൽ വിപ്ലവഗാനങ്ങൾ കോർത്തിണക്കി സംഗീത പരിപാടി അരങ്ങേറി.

ചരിത്രത്തിനൊപ്പം 
സമകാലിക പ്രശ്‌നങ്ങളും

പി കൃഷ്‌ണപിള്ളയുടെ ജീവചരിത്രത്തിനൊപ്പം തമിഴ്‌നാട്ടിലെ ജാതിപ്രശ്‌നങ്ങളും ദുരഭിമാനക്കൊലകളടക്കമുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന്‌ സംവിധായകൻ അനിൽ വി നാഗേന്ദ്രൻ ദേശാഭിമാനിയോട്‌ പറഞ്ഞു. സമൂഹം ഒരുപാട്‌ മാറിയെങ്കിലും ഇന്നും ജാതിക്കൊലകളും ജാതിയുടെ പേരിലുള്ള മർദനങ്ങളും തമിഴ്‌നാട്ടിൽ തുടരുന്നു. സവർണവിഭാഗത്തിൽപ്പെട്ട പെൺകുട്ടി ദളിത്‌ യുവാവുമായി പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ഭാഗമായി കേരളത്തിലേക്ക്‌ കടക്കുന്നതുമൊക്കെയാണ്‌ സിനിമയുടെ ആശയം. ഇതേ യുവാവിന്റെ കുടുംബത്തിന്‌ പി കൃഷ്‌ണപിള്ളയുമായി ബന്ധമുണ്ട്‌. കുടുംബാംഗത്തിന്റെ നിർദേശപ്രകാരം കേരളത്തിലെത്തുന്നതോടെയാണ്‌ ചരിത്രത്തിലേക്ക്‌ കടക്കുന്നത്‌. "വസന്തത്തിന്റെ കനൽവഴികളിൽ' എന്ന സിനിമയുടെ തുടർച്ചയായി വരുന്ന സിനിമയിൽ ആദ്യഭാഗത്തിലെ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഭരത്, പി കെ മേദിനി, ആദർശ്, അരിസ്റ്റോ സുരേഷ്, സിദ്ധാംഗന, ഐ പി ബിനു തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന്റെ അതിവൈകാരികമായ ക്ലൈമാക്‌സ്‌ രംഗങ്ങൾ ചിത്രീകരിച്ചത് പി കൃഷ്‌ണപിള്ള സ്‌മാരകത്തിൽവച്ചാണ്‌. ​



deshabhimani section

Related News

View More
0 comments
Sort by

Home