റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാത വേണം
സത്യഗ്രഹത്തിൽ പൊലീസ് പെൻഷൻകാരും

ചേർത്തല റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാതയോടെ ദേശീയപാത വേണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച ചൊവ്വാഴ്‌ചത്തെ സത്യഗ്രഹം കെപിപിഎ സംസ്ഥാന വൈസ്‌പ്രസിഡന്റ് സി കെ ഉത്തമൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
ദേശീയപാതയോട് ചേർന്ന ചേർത്തല റെയിൽവേ സ്‌റ്റേഷനിൽ ഉയരപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സത്യഗ്രഹത്തിന് ഐക്യദാർഢ്യവുമായി കൂടുതൽ സംഘടനകൾ. ചൊവ്വാഴ്‌ച ചേർത്തല റെയിൽവേ സ്‌റ്റേഷന് സമീപം റിലേ സത്യഗ്രഹത്തിൽ വിരമിച്ച പൊലീസുകാർ അണിചേർന്നു. കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെപിപിഎ) ചേർത്തല മേഖലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു സത്യഗ്രഹം. അരൂർ, പട്ടണക്കാട്, പൂച്ചാക്കൽ, മാരാരിക്കുളം, മുഹമ്മ, തണ്ണീർമുക്കം പ്രദേശങ്ങളിലെ പ്രവർത്തകരും മേഖലാ ഭാരവാഹികളും ദേശീയപാതയിലൂടെ ജാഥയായി എത്തിയാണ് സത്യഗ്രഹത്തിൽ അണിചേർന്നത്. കെപിപിഎ സംസ്ഥാന വൈസ്‌പ്രസിഡന്റ് സി കെ ഉത്തമൻ ഉദ്ഘാടനംചെയ്‌തു. മേഖലാ പ്രസിഡന്റ് പി കെ റോഷിൻ അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ പി മോഹൻദാസ്, ജില്ലാ സെക്രട്ടറി ജി ഹരിദാസ്, ജില്ലാ വൈസ്‌പ്രസിഡന്റ് പി മോഹനചന്ദ്രൻ, നഗരസഭാധ്യക്ഷൻ എസ് സോബിൻ, ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, ഡിസിസി സെക്രട്ടറി സി ഡി ശങ്കർ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം എ എസ് സാബു എന്നിവർ സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ പി അബ്‌ദുൽ അസീസ് സ്വാഗതവും മേഖലാ സെക്രട്ടറി സി ആർ മധു നന്ദിയും പറഞ്ഞു. റെയിൽവേ സ്‌റ്റേഷൻ യാത്ര ക്ലേശകരമാക്കുന്നതും നഗരവികസനത്തിൽ ഗുരുതര പ്രതിസന്ധി സൃഷ്‌ടിക്കുന്നതുമായ ദേശീയപാത നിർമാണഘടന പരിഷ്‌കരിക്കണമെന്നാണ് ആവശ്യം. നഗരസഭാ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതി നേതൃത്വത്തിലെ അനിശ്‌ചിതകാല സത്യഗ്രഹം 32 ദിവസം പിന്നിട്ടു. ജനപ്രതിനിധികളും നാട്ടുകാരും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തകരും ഇതിനകം സമരത്തിൽ പങ്കാളികളായി.










0 comments