ദുരിതം മാത്രം; ആശ്വാസമില്ല
ഇതുവരെ ഒന്നും കിട്ടിയില്ല സാര്‍..

സ്വന്തം ലേഖകൻ
Published on Aug 17, 2026, 01:09 AM | 1 min read
ആലപ്പുഴ
"ക്യാമ്പിൽ പോയില്ലെങ്കിലും വീട്ടിൽ വെള്ളംകയറിയ എല്ലാവര്‍ക്കും 10,000 രൂപ നഷ്‍ടപരിഹാരം നൽകും. വീട്ടിൽ വെള്ളംകയറി പ്രയാസപ്പെട്ടവരിൽ ഒരു റേഷൻ കാര്‍ഡിലെ രണ്ടുപേര്‍ക്ക് ദിവസം 300 രൂപവച്ച് നൽകും. തിരിച്ചുവീട്ടിൽപോയി താമസിക്കാൻ പറ്റാത്തവര്‍ക്ക് വാടക കൊടുക്കും. തിരിച്ചുചെല്ലുമ്പോള്‍ അവരുടെ കിണറ്റിൽ ക്ലോറിനേഷൻ നടത്തി വെള്ളം ശുദ്ധീകരിക്കാൻ മെറ്റീരിയൽസ് നൽകാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്'. പ്രളയക്കെടുതിക്ക് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചതാണിത്. എന്നാൽ ഇതിൽ ഏതെങ്കിലും ഒന്നും കിട്ടിയവര്‍ ജില്ലയിലുണ്ടെങ്കിൽ അറിയിക്കണണമെന്നാണ് ദുരിതബാധിതരുടെ അപേക്ഷ. അക്ഷയ സെന്ററുകളിൽനിന്ന് പണം നൽകി അപേക്ഷാ ഫോമും വാങ്ങി കാത്തുനിൽക്കുകയാണ് ദുരിതബാധിതര്‍. വെള്ളംകയറിയ വീട്ടിൽ തിരിച്ച് കയറുംമുമ്പേ അക്കൗണ്ടിൽ 10,000 രൂപ എൽഡിഎഫ് സര്‍ക്കാർ നൽകിയിരുന്നു. ഇപ്പോൾ സഹായം നൽകേണ്ട വഴി ഉദ്യോഗസ്ഥര്‍ക്കും പറഞ്ഞുകൊടുക്കണം. കാരണം മുഖ്യമന്ത്രി തോന്നിയ പോലെ പറഞ്ഞത് ഉത്തരവായി ഇറങ്ങിയിട്ടില്ല. അടിയന്തര സഹായധനം 10,000 രൂപ കിട്ടാൻ അപേക്ഷ സ്വീകരിക്കുന്നതിലും വീടുകള്‍ പരിശോധിക്കുന്നതിലും വ്യക്തമായ മാര്‍ഗനിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വീടുകള്‍ പരിശോധിക്കുകപോലും ചെയ്‍തിട്ടില്ല. കച്ചവടസ്ഥാപനങ്ങളിൽ വെള്ളംകയറിയ വ്യാപാരികള്‍ക്കായി ഓരോ കടയ്‍ക്കും 10,000 രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നെങ്കിലും അവരും കാത്തിരുന്നുമടുത്തു. വീടുകൾ ഭാഗികമായും പൂർണമായും നഷ്‌ടമായവർക്കും സഹായധനം വേറെയുണ്ട്. നഷ്‌ടം കണക്കാക്കിയാണ് തുക. അതിന് കണക്കെടുപ്പും മിക്കയിടത്തും തുടങ്ങിയിട്ടില്ല. ഒരുലക്ഷത്തിലേറെപേര്‍ കഞ്ഞിവീഴ്‍ത്തൽ കേന്ദ്രങ്ങളെയും ആശ്രയിച്ചിരുന്നു. എന്നിട്ടും സമയബന്ധിതമായി തോട്ടപ്പള്ളി പൊഴിമുറിക്കാതെയും സ്‍പിൽവേയിലെ മാലിന്യം നീക്കാതെയും കുട്ടനാടിനെ വെള്ളത്തിൽ മുക്കിയ യുഡിഎഫ് സര്‍ക്കാര്‍ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. 18,000 പേരാണ് ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞത്. മുഖ്യമന്ത്രി ജില്ലയിലെ ദുരിതബാധിതരെ സന്ദര്‍ശിച്ചിട്ടില്ല. വെള്ളപ്പൊക്കം കാരണം ജോലിക്കുപോകാൻ കഴിയാത്തവര്‍ ആയിരക്കണക്കിനുപേരുണ്ട്. ഓണം അടുത്തിരിക്കെ അവരും എന്തെങ്കിലും സഹായം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.










0 comments