അധ്യയനം താളംതെറ്റിച്ച് മഴക്കെടുതിയും സെൻസസും
പാഠം തീരാതെ ‘ഓണപ്പരീക്ഷണം’

സ്വന്തം ലേഖകൻ
Published on Aug 10, 2026, 12:34 AM | 1 min read
ആലപ്പുഴ
മഴക്കെടുതിയും അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മൂലം പഠനദിവസങ്ങൾ നഷ്‌ടപ്പെട്ട് താളംതെറ്റി അധ്യയനം. ഓണത്തിന് മുമ്പ് സിലബസ് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഓണപ്പരീക്ഷ നടത്തിപ്പും പ്രതിസന്ധിയിലായി. പാഠഭാഗങ്ങൾ പൂർണമായി പഠിപ്പിച്ചുതീർക്കാതെ പരീക്ഷ നടത്തുന്നത് കുട്ടികളുടെ രണ്ടാം ടേം പരീക്ഷകളെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും. ഭൂരിഭാഗം സ്‌കൂളുകളിലും വളരെകുറച്ച് പാഠഭാഗങ്ങൾ മാത്രമാണ് പഠിപ്പിച്ചുതീർക്കാനായത്. സിലബസ് തീരാത്ത സാഹചര്യത്തിൽ ഓണം കഴിഞ്ഞ് പരീക്ഷ നടത്തണമെന്നും അഭിപ്രായമുണ്ട്. എന്നാൽ അക്കാദമിക് കലണ്ടർ ചൂണ്ടിക്കാട്ടി പരീക്ഷാ തീയതികളിൽ മാറ്റംവരുത്താൻ ഇതുവരെ പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറായിട്ടില്ല. കനത്തമഴയെത്തുടർന്ന് ജില്ലയിലെ സ്‌കൂളുകളിൽ പലയിടത്തും ക്യാമ്പുകൾ പ്രവർത്തിക്കുകയാണ്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണ്. മഴമൂലം പ്രാദേശിക അവധികള്‍ നൽകിയതും അധ്യയനദിവസങ്ങളെ ബാധിച്ചു. ആഗസ്‌തിൽ മാത്രം അഞ്ച് ദിവസം അവധി നൽകേണ്ടിവന്നു. ഇതിനുപുറമെ സെൻസസ് ഡ്യൂട്ടിക്കായി പകുതിയോളം അധ്യാപകരെ നിയോഗിച്ചതും പരിശീലനങ്ങളും സ്‌കൂളുകളെ ബാധിച്ചു. അധ്യാപകർക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ അധ്യയനം പൂർണമായി തടസപ്പെടുകയായിരുന്നു.
കുട്ടികൾ സമ്മർദത്തിൽ
ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ ഓണപ്പരീക്ഷ ആരംഭിക്കുന്നത് 13നാണ്. ഹയർസെക്കൻഡറി 14നും. സ്‌കൂളുകൾ ഓണാവധിക്കായി അടയ്‌ക്കുന്ന 21നാണ് പരീക്ഷകൾ അവസാനിക്കുന്നത്. നഷ്‌ടപ്പെട്ട ദിവസങ്ങൾക്ക് പകരമായി സ്‌പെഷ്യൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും ഒരുക്കാൻ ശ്രമിക്കുന്നുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായ പ്രധാനവിഷയങ്ങൾ ഒരേദിവസം പരീക്ഷയായി വരുന്നത് വിദ്യാർഥികൾക്ക് കടുത്ത മാനസിക സമ്മർദമുണ്ടാക്കുന്നു. ഒമ്പതാം ക്ലാസിൽ 19ന് സാമൂഹ്യശാസ്‌ത്രം, ബയോളജി എന്നിവയും, 14ന് ഹിന്ദിയും ഒന്നാം ഭാഷ രണ്ടാം പേപ്പറും, 17ന് ഇംഗ്ലീഷും ഫിസിക്‌സുമാണ് പരീക്ഷകൾ. പത്താം ക്ലാസിൽ 18ന് സാമൂഹികശാസ്‌ത്രവും ഒന്നാം ഭാഷ രണ്ടാം പേപ്പറുമാണ് ക്രമീകരിച്ചത്. പേരിന് പരീക്ഷ നടത്തി തീർക്കാനാണ് ശ്രമമെന്നും ആരോപണമുണ്ട്.










0 comments