ad
Deshabhimani

ആകെ നഷ്‌ടം 20.40 കോടി

വീണത്‌ 12 മട; നെൽപ്പാടങ്ങളിലെ നഷ്‌ടം 12.53 കോടി

പുളിങ്കുന്ന് പുത്തൻകരി 
പാടശേഖരത്തിൽ 
മട വീണപ്പോൾ
avatar
സ്വന്തം ലേഖകൻ

Published on Aug 08, 2026, 01:49 AM | 1 min read

ആലപ്പുഴ

മഴ ശക്‌തമായതിനെ തുടർന്ന്‌ കുട്ടനാടൻ പാടശേഖരത്തിൽ ഇതുവരെ വീണത്‌ 12 മടകൾ. തകഴി പഞ്ചായത്തിലാണ്‌ കൂടുതൽ. നാലിടത്താണ്‌ വീഴ്‌ച. ചേട്ടുതറക്കരി, കൊല്ലനാടി, മാന്പുഴക്കരി, ചൂരവടിപ്പാടം എന്നിവിടങ്ങളിലാണ്‌ മട വീണത്‌. ചന്പക്കുളം പഞ്ചായത്തിൽ ഏഴുകാട്‌, മൂലപൊങ്ങന്പ്ര, പടച്ചാൽ എന്നിവിടങ്ങളിലും പുളിങ്കുന്ന്‌ തെക്കേ മണപ്പള്ളി, വടക്കേക്കര മായക്കാട്‌, നെടുമുടി മണപ്ര വടക്ക്‌, കരുവാറ്റ ചാലുങ്കൽ, അന്പലപ്പുഴ തെക്ക്‌ വലിയതുരുത്ത്‌–ചെറിയതുരുത്ത്‌ പാടശേഖരങ്ങളിലുമാണ്‌ മട വീഴ്‌ച. ആഗസ്‌ത്‌ ഒന്നുമുതൽ ആറുവരെയുള്ള കണക്കാണിത്‌. 12.53 കോടി രൂപയുടെ നഷ്‌ടമാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഇത്‌ കാലവർഷത്തിൽ ജില്ലയിലുണ്ടായ മൊത്തം കൃഷിനാശത്തിന്റെ 61.40 ശതമാനം വരും. കരുവാറ്റ, തകഴി, തണ്ണീർമുക്കം ഭാഗങ്ങളിലാണ്‌ നെൽക്കൃഷിക്ക്‌ ഏറെ നാശം സംഭവിച്ചിട്ടുള്ളത്‌. കളർകോട്​ ദേവസ്വം കരിയിലും വെള്ളി പുലർച്ച മടവീണു. ഉച്ചയോടെയാണ് ബണ്ട് വീണ്ടും കെട്ടി വെള്ളം തടയാനായത്. ജില്ലയിൽ കൃഷിനാശത്തിലുണ്ടായ ആകെ നഷ്‌ടം 20.40 കോടി രൂപയാണ്‌. 35 കൃഷിഭവനുകൾക്ക്‌ കീഴിൽ 8000 ലേറെ കൃഷിക്കാരെ ബാധിച്ചു. 
 1515.18 ഹെക്‌ടർ കൃഷി നശിച്ചു. നെൽക്കൃഷി കഴിഞ്ഞാൽ കൂടുതൽ നാശം സംഭവിച്ചിട്ടുള്ളത്‌ വാഴക്കൃഷിക്കാണ്‌. പള്ളിപ്പാട്‌, തിരുവൻവണ്ടൂർ, വെൺമണി ഭാഗങ്ങളിലാണ്‌ കുലച്ചതും കുലയ്‌ക്കാത്തതുമായ 392.46 ഹെക്‌ടർ വാഴക്കൃഷി നശിച്ചത്‌. 6.26 കോടി രൂപയാണ്‌ നഷ്‌ടം. 
 പള്ളിപ്പാട്‌, പാണ്ടനാട്‌, കാവാലം, മാവേലിക്കര ഭാഗങ്ങളിൽ കപ്പ ഉൾപ്പെടെ 45 ലക്ഷം രൂപയുടെ കിഴങ്ങുവിളകൾ നശിച്ചു. പച്ചക്കറിക്കൃഷിക്ക്‌ ഏറെ നാശനഷ്‌ടം സംഭവിച്ചത്‌ ചേർത്തല, പള്ളിപ്പാട്‌, ചെന്നിത്തല, തൃപ്പെരുന്തുറ മേഖലകളിലാണ്‌. 43 ലക്ഷം രൂപയാണ്‌ നഷ്‌ടം കണക്കാക്കിയിരിക്കുന്നത്‌. തെങ്ങ്‌, വെറ്റില, ഇഞ്ചി, മഞ്ഞൾ, ജാതി, കുരുമുളക്‌ തുടങ്ങിയ വിളകൾക്കും നാശമുണ്ടായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home