റെയിൽവേ സ്റ്റേഷൻ നവീകരണം
എന്നു തീരും മെല്ലെപ്പോക്ക്

റെയിൽവേ സ്റ്റേഷൻ റോഡ് കോൺക്രീറ്റ് ചെയ്യുന്ന തൊഴിലാളികള്‍
ആലപ്പുഴ
റെയിൽവേ സ്റ്റേഷൻ നവീകരണം പ്രതീക്ഷിച്ച വേഗത്തിൽ മുന്നേറുന്നില്ലെന്ന് യാത്രക്കാരുടെ പരാതി. പദ്ധതിയുടെ മെല്ലെപ്പോക്കിനെതിരെ ശക്‌തമായ ആക്ഷേപം ഉയർന്നതോടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴും പ്രവൃത്തികൾ പലതും ഇഴയുകയാണ്. ആലപ്പുഴയിൽ മാത്രമല്ല കായംകുളം റെയിൽവേ സ്‌റ്റേഷനിലും ഇതുതന്നെയാണ് സ്ഥിതി. ജൂൺ ആദ്യം ആലപ്പുഴയിലെ റെയിൽവേ സ്‌റ്റേഷനുകൾ ഡിവിഷണൽ റെയിൽവേ മാനേജർ സന്ദർശിച്ചിരുന്നു. നിർമാണം വേഗത്തിലാക്കാനും ചുമതലക്കാരായ ഉദ്യോഗസ്ഥർ ജോലികൾ പൂർത്തിയാകുന്നതുവരെ സ്‌റ്റേഷനുകളിൽ തുടരാനും നിർദേശം നൽകി. ആലപ്പുഴയിൽ പുതിയ ടിക്കറ്റ് കൗണ്ടറും ബുക്കിങ് ഓഫീസും പ്രവർത്തന സജ്ജമായി. കായംകുളം റെയിൽവേ സ്‌റ്റേഷനിൽ പുതിയ ടിക്കറ്റ് കൗണ്ടറും പ്രവേശനകവാടവും പൂർത്തിയായിട്ടില്ല. ഇടുങ്ങിയ വഴിയിലൂടെയാണ് ജനങ്ങൾ സ്‌റ്റേഷനിലേക്ക് എത്തുന്നത്. ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിലേക്ക് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഭാഗത്തെ റോഡ് കോൺക്രീറ്റ് ചെയ്ത് 45 ദിവസത്തിനകം പണി പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ ജോലികൾ പതുക്കെയാണ് പുരോഗമിക്കുന്നത്. റോഡ് അടച്ചതോടെ സ്‌റ്റേഷന്റെ തെക്കുഭാഗത്തുനിന്നാണ് പ്രവേശനം. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നുണ്ട്. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന പുതിയ ഫുട്ട് ഓവർബ്രിഡ്‌ജിന്റെ നിർമാണം ജൂലൈയിൽ പൂർത്തിയാക്കി തുറന്നുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതും വൈകാനാണ് സാധ്യതയെന്ന് ജീവനക്കാർ പറയുന്നു. അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി 2023 ഡിസംബറിലാണ് റെയിൽവേ സ്റ്റേഷൻ നവീകരണം ആരംഭിച്ചത്. പ്രധാന ജോലികൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഇപ്പോഴും ഇഴയുകയാണ്. കരാറുകാരും റെയിൽവേയും ഇടഞ്ഞ് പലപ്പോഴും ജോലി നിർത്തിവയ്‌ക്കുന്ന സ്ഥിതിയുമുണ്ട്.











0 comments